കണ്ടല്‍ പാര്‍ക്ക്: തല്‍‌സ്ഥിതി തുടരണമെന്ന് ഹൈക്കോടതി

ബുധന്‍, 28 ജൂലൈ 2010 (16:30 IST)
PRO
പാപ്പിനിശേരിയിലെ കണ്ടല്‍ തീം പാര്‍ക്കിന്‍റെ കാര്യത്തില്‍ തല്‍‌സ്ഥിതി തുടരാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്‍റേതാണ് വിധി.

ടൂറിസം സൊസൈറ്റിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ഉത്തരവിറക്കിയത്. നിലവില്‍ പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. കേന്ദ്ര ഉത്തരവിനെത്തുടര്‍ന്നായിരുന്നു പാര്‍ക്ക് അടച്ചത്.

വളപട്ടണം പുഴയോരത്ത് അതീവ പരിസ്ഥിതി പ്രാധാന്യമുളള സ്ഥലത്താണു പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമാകുകയും കെ സുധാകരന്‍ എം പിയുടെ ശ്രമഫലമായി കേന്ദ്രം ഇടപെട്ട് കണ്ടല്‍ പാര്‍ക്ക് പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

എന്നാല്‍, പാപ്പിനിശേരിയില്‍ അങ്ങനെയൊരു പാര്‍ക്ക് നിലവിലില്ലെന്ന് പറഞ്ഞ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി മലക്കം മറിഞ്ഞത് കൌതുകമുണര്‍ത്തിയ സംഭവമായിരുന്നു.

വെബ്ദുനിയ വായിക്കുക