കണ്ടല്‍പാര്‍ക്ക്: പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കോടതിയും

തിങ്കള്‍, 24 ജനുവരി 2011 (12:13 IST)
PRO
പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി. മന്ത്രാലയത്തിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശത്തുള്ള പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമനലംഘനമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരദേശനിയമങ്ങള്‍ ലംഘിച്ചതും പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ചാണ്‌ പരിസ്ഥിതിമന്ത്രാലയം പാര്‍ക്കിനെതിരെ നടപടിയെടുത്തത്‌.

മന്ത്രാലയത്തിന്‍റെ ഈ ഉത്തരവിനെതിരെ പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. സൊസൈറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി മന്ത്രാലയത്തിന്‍റെ ഉത്തരവ് ശരിവെച്ചത്.
പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കതെയാണ്‌ പാപ്പിനിശേരി കണ്ടല്‍ പാര്‍ക്കില്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടത്തുന്നതെന്ന പൊതുതാല്‍പര്യ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിച്ചിരുന്നു.

കണ്ടല്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തലാക്കി പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള തീരനിയന്ത്രണ മേഖലാ പരിപാലന അതോറിറ്റിക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ സെപ്തംബര്‍ 20നു നടത്തിയ തെളിവെടുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്‌.

വെബ്ദുനിയ വായിക്കുക