ഓണാഘോഷത്തിന്‍റെ പേരില്‍ പണിയെടുത്തില്ല, യുവാവ് മന്ത്രിയെ വിളിച്ചു - ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി!
ശനി, 10 സെപ്‌റ്റംബര്‍ 2016 (15:16 IST)
നമ്മുടെ സര്‍ക്കരോഫീസുകള്‍ കൂടുതല്‍ സാംകുട്ടിമാരെ സൃഷ്ടിക്കാനുള്ള മത്സരത്തിലാണെന്ന് തോന്നുന്നു. എന്തായാലും ഇനി കാര്യങ്ങള്‍ പഴയപോലെയല്ല എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാം. എല്ലാവരും സാംകുട്ടിയെപ്പോലെ പ്രതികരിക്കണമെന്നില്ല. ചിലര്‍ വയനാട്ടിലുള്ള ഫാരി റോഡ്രിക്സ് എന്ന ചെറുപ്പക്കാരന്‍ ചെയ്തതുപോലെയും ചെയ്തെന്നിരിക്കും. ഒരൊറ്റ കോളില്‍ മന്ത്രിമാര്‍ തന്നെ ഫോണെടുക്കുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
ഫാരി റോഡ്രിക്സിന്‍റെ ഫേസ്ബുക്ക് കുറിപ്പ് തന്നെ വായിക്കാം:
ഒടുവില്‍ ഇന്ന് അത് ചെയ്യേണ്ടി വന്നു...
കുറച്ചു നാളുകള്‍ ആയി ഒരു സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങുന്നു..."" വില്ലേജ് ഓഫീസര്‍ ലീവാണ് ""....അറിയാലോ വരുന്ന 10 ദിവസം കൂടെ ലീവാണ് !!!... ആളുകള്‍ എല്ലാരും വന്നു മടങ്ങുന്നു...ചിലര്‍ സങ്കടം പറയുന്നു...ആര് കേള്‍ക്കാന്‍...ഒടുവില്‍ എന്റെ മുഖം കറുത്ത് തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ അപേക്ഷ പരിശോധിച്ച് തന്നു. (വില്ലേജ് ഓഫീസര്‍ തരേണ്ടതു കിട്ടിട്ടില്ല..പിന്നെ തരും പോലും അവര് വന്നിട്ട് )..തീര്‍ന്നില്ല...അതുമായി താലൂക്കില്‍ പോയി അവിടന്ന് വേണം ശരിക്കുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍...ഓണത്തിന് മുമ്പുള്ള അവസാന വര്‍ക്കിംഗ് ഡേ ആയ ഇന്ന് രാവിലെ ചെന്നതാണ് താലൂക്കില്‍..അപ്ലിക്കേഷന്‍ വാങ്ങി വെച്ചു...ഉച്ചകഴിഞ്ഞു വരാന്‍ പറഞ്ഞു...എല്ലാരും പോകുകയാണ്...എങ്ങോട്ടെന്നല്ലേ, ""ഓണം ആഘോഷിക്കാന്‍...."" 12.30 ആയപ്പോഴേക്കും എല്ലാരും കൂടെ വണ്ടിയില്‍ കേറി പോയി ... ഓഫീസിലെ ഒരാള്‍ ( അവിടെയിരിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു പോങ്ങന്‍) പറഞ്ഞു ഉച്ചകഴിഞ്ഞു വന്നു നോക്കു തഹസില്‍ദാര്‍ വന്നാല്‍ കിട്ടും സര്‍ട്ടിഫിക്കറ്റ് എന്ന്...ഉച്ച കഴിഞ്ഞു വന്നു 2.30 ആയി ...3 മണിയായി...വയസ്സായവര്‍ മുതല്‍ കുട്ടികള്‍ വരെ കാത്തിരിപ്പാണ്...വീണ്ടും പോയി ചോദിച്ചു...മറുപടി തഥൈവ...വന്നാല്‍ തരാം... എന്റെ കാര്യം പറഞ്ഞു...""17 ന് അവസാന തീയതിയാണ്, എക്സാമുണ്ട് ,അപേക്ഷ അയകാനുള്ളതാണ്, കൊല്ലത്തില്‍ ഒരിക്കലെ ഉള്ളു, ഇന്ന് കിട്ടിയില്ലെങ്കില്‍ കാര്യമില്ല, 16 വരെ ലിവല്ലേ...""
ആര് കേള്‍ക്കാന്‍....
ഒടുവില്‍ അത് ചെയ്യേണ്ടി വന്നു...
ഒരു ഫോണ്‍ കോള്‍...
റവന്യു മിനിസ്റ്റര്‍ ഇ. ചന്ദ്രശേഖരന്‍....
കാര്യം പറഞ്ഞു....
നോക്കട്ടെ എന്ന് മറുപടി...
5 മിനിറ്റു....
ഒരു വണ്ടി നിറയെ ഉദ്യോഗസ്ഥന്‍ വന്നിറങ്ങി...
എല്ലാരും എന്നെ തുറിച്ചു നോക്കി പോയി...
തൊട്ടു പുറകെ തഹസില്‍ദാര്‍....
എന്നോട് തട്ടിക്കയറി...
"" 2.30 വരാം എന്ന് പറഞ്ഞതല്ലേ ""...എന്ന്..
ഞാന്‍ വാച്ച് നോക്കി...3.30 ആയിട്ടല്ലേ ഉള്ളു എന്ന മട്ടില്‍ അയാളും കയറിപ്പോയി...
കുറച്ചു നേരത്തെ കാത്തിരിപ്പു കൂടെ... സാധനം റെഡി...വയസായവര്‍ക്കടക്കം എല്ലാവര്ക്കും കാര്യങ്ങള്‍ നടന്നു കിട്ടി..അവര്‍ക്കും സന്തോഷമായി... ഏറ്റവും വലിയ തമാശ എന്താണെന്നാല്‍, ഉച്ചക്ക് ബാഗ് എടുത്തു വീട്ടിലേക്കു പോയ ഉദ്യോഗസ്ഥര്‍ വരെ തിരിച്ചു വന്നു ജോലി തീര്‍ത്തു കൊടുത്തു...
നന്ദിയുണ്ട് മിനിസ്റ്റര്‍...
നന്ദിയുണ്ട്...
തിരക്കിലും ഒറ്റ വിളിയില്‍ തന്നെ ഫോണ്‍ എടുത്തിനു...
5 മിനിറ്റിനുള്ളില്‍ തന്നെ തീരുമാനം ഉണ്ടാക്കി തന്നതിന്...