ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 13 പേര്‍ ആശുപത്രിയില്‍

തിങ്കള്‍, 11 ഫെബ്രുവരി 2013 (16:05 IST)
PRO
PRO
ഓടിക്കൊണ്ടിരുന്ന ദീര്‍ഘദൂര ബസിന് തീപിടിച്ചു. ബസില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഓടിക്കൂടിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് യാത്രക്കാരെ രക്ഷപ്പെടുത്തി.

ബസിനുള്ളിലെ പുക ശ്വസിച്ച് ശ്വാസംമുട്ടലും അസ്വസ്ഥതകളും അനുഭവപ്പെട്ട 13 യാത്രക്കാരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ശക്തികുളങ്ങര പാലത്തിനു സമീപം രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. ബസ് യാത്രക്കാരായ മലപ്പുറം കോട്ടക്കല്‍ സ്വദേശികളായ മുഹമ്മദ് കുട്ടി (41), ഉമ്മുക്കൊലുസ് (12)ഫാത്തിമാ മജ്നു (5), സന്ധ്യ (19) ചാത്തിനാംകുളം സ്വദേശികളായ ഉഷ‌റാ ബീവി (40) ആമിന (17), ഫാത്തിമ (17),തട്ടാമല സ്വദേശിനി നെഹ്‌മത്ത് , ഹസീന ഫിറോസ്, അയത്തില്‍ സ്വദേശിനി അമൃത, ചവറസ്വദേശി തങ്ങള്‍കുഞ്ഞ് (46), മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാരായ മെഹബൂബ്, താജുദ്ദീന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന 'ഗാലക്സി' എന്ന വോള്‍വോ ബസ് ശക്തികുളങ്ങര കുരിശടിക്ക് സമീപമെത്തിയപ്പോള്‍ വാഹനം നില്‍ക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ഉള്ളില്‍ പുക നിറയുകയുമായിരുന്നു.

എന്നാല്‍ നീക്കാന്‍ പറ്റാത്ത സൈഡ് ഗ്ളാസും ലോക്ക് ചെയ്തിരുന്ന ഡോറുമായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനായില്ല.
തുടര്‍ന്ന് നാട്ടുകാരെത്തി ചില്ലുകള്‍ അടിച്ചുതകര്‍ത്ത് യാത്രക്കാരെ പുറത്തെടുത്തു. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.


വെബ്ദുനിയ വായിക്കുക