ഒരു ദിവസം കൊണ്ട് തകരുന്നതല്ല മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെന്ന് കുഞ്ഞാലിക്കുട്ടി
ശനി, 15 ജൂണ്‍ 2013 (14:35 IST)
PRO
സോളാര്‍ തട്ടിപ്പു കേസിലെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഒരു ദിവസം കൊണ്ട് തകരുന്നതല്ല മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് അല്പായുസാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണ്‍ വിളികളെ വെറുതെ വളച്ചൊടിച്ച് വിവാദമാക്കുകയാണ്. ആര്‍ക്കും ആരെയും ഫോണില്‍ വിളിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ടതായി കരുതുന്നില്ലെന്ന് വയലാര്‍ രവി.
അതേസമയം സ്റ്റാഫിനെതിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരില്‍ ചിലര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്പോളാണ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് വയലാര്‍ രവി പറഞ്ഞത്.
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ ചില സഹായികള്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.അതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയും സഭ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പഴ്‌സണല്‍ സ്റ്റാഫിലെ രണ്ടംഗങ്ങളെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. പി.എ ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീംരാജ് എന്നിവരെയാണ് പുറത്താക്കിയത്.