ഒരുമിച്ചിരുന്ന മദ്യപിക്കവെ ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും മകനും പിടിയില്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (16:25 IST)
PRO
വീട്ടമ്മയുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മകനും പൊലീസ് പിടിയിലായി. ശൂരനാട് തെക്ക് ആയിക്കുന്നം എരിപ്പന്‍കുഴി മേല്‍ പുത്തന്‍ പുരയില്‍ അമ്പിളി എന്ന 41 കാരിയാണു മരിച്ചത്.

ഇതോടനുബന്ധിച്ച് ഇവരുടെ ഭര്‍ത്താവ് മാരിയപ്പന്‍ (50), മകന്‍ മനോജ് (21) എന്നിവരാണ്‌ പിടിയിലായത്. സ്ഥിരമായി കൂട്ടത്തോടെയിരുന്ന് മദ്യപിക്കുന്ന ശീലമുള്ളവരാണ്‌ ഇവര്‍ മൂവരും. കഴിഞ്ഞ 22 ന്‌ മൂവരും ചേര്‍ന്ന് മദ്യസേവ തുടങ്ങി അല്‍പ്പം കഴിഞ്ഞ് ഏതോ കാര്യത്തില്‍ വാക്കു തര്‍ക്കമുണ്ടാവുകയും അത് അടിപിടിയില്‍ അവസാനിക്കുകയുമാണുണ്ടായത്.

മാരിയപ്പന്‍ ഭാര്യ അമ്പിളിയെ പിടിച്ചു തള്ളി താഴെയിട്ടു. പിന്നീട് മകന്‍ മനോജും അമ്പിളിയെ തള്ളിയപ്പോള്‍ അമ്പിളിയുടെ തല ഭിത്തിയിലിടിച്ച് പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബോധമറ്റു.

എന്നാല്‍ ഉടന്‍ തന്നെ ഇവര്‍ക്ക് ചികിത്സാ സൌകര്യം നല്‍കാന്‍ ഭര്‍ത്താവോ മകനോ തയ്യാറായില്ല. അടുത്ത ദിവസമാണ്‌ അംബിളിയെ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിച്ചത്. ആന്തരികമായ രക്തസ്രാവം കഠിനമായ തോതില്‍ ഉണ്ടായെന്നും ഇതിനെ തുടര്‍ന്ന് അമ്പിളി ഞായറാഴ്ച മരിക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ശൂരനാട് പൊലീസില്‍ നിന്ന് അമ്പിളിയുടെ സ്വാഭാവിക മരണത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനെത്തി. ഇതില്‍ സംശയം തോന്നുകയും പൊലീസ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മരണത്തിനുള്ള കാരണം കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജ് പൊലീസ് മാരിയപ്പനെയും മനോജിനെയും മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക