ഒന്നും സംഭവിക്കില്ല, വാവ സുരേഷ് മടങ്ങിവരും - പ്രാര്‍ത്ഥനകളോടെ കേരളം

തിങ്കള്‍, 30 ജൂലൈ 2012 (15:34 IST)
PRO
വാവ സുരേഷിന് ഒന്നും സംഭവിക്കില്ല. അങ്ങനെ ഉറച്ചുവിശ്വസിക്കുകയാണ് മലയാളികള്‍. പ്രശസ്‌ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന് പാമ്പുകടിയേറ്റു എന്ന വാര്‍ത്തയറിഞ്ഞവരെല്ലാം ആദ്യം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു - വാവയ്ക്ക് ഇതൊക്കെ പുത്തരിയാണോ? രണ്ടുദിവസം കഴിഞ്ഞ് വീണ്ടും രാജവെമ്പാലയെ തപ്പി ഇറങ്ങുന്നതുകാണാം...!

എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് വാവ സുരേഷിന്‍റെ നില ഗുരുതരമാണ്. കടുത്ത വിഷമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കൊത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.

ബാലരാമപുരത്ത്‌ പാമ്പിനെ പിടികൂടുന്നതിനിടയായിരുന്നു വാവയ്ക്ക് മൂര്‍ഖന്റെ കടിയേറ്റത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേത്തുടര്‍ന്നാണ് ബാലരാമപുരം വെടിവച്ചാന്‍കോവിലില്‍ റോഡരികില്‍ കണ്ട മൂര്‍ഖനെ പിടികൂടാന്‍ വാവ സുരേഷ് എത്തിയത്. മൂര്‍ഖനെ സുരക്ഷിതമായി വാവ പിടികൂടി. പിന്നീട് നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്പ് ആഞ്ഞുകൊത്തുകയായിരുന്നു.

പത്തി വിടര്‍ത്തുന്നത് കാണിക്കാനായി പാമ്പിന്‍െറ തലയുടെ അടിഭാഗത്ത് കൈവെച്ച് വാവ സുരേഷ് പാമ്പിനെ പ്രകോപിപ്പിക്കുകയായിരുന്നു. പാമ്പ് ആഞ്ഞുകൊത്തിയപ്പോള്‍ വാവയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. കടിയേറ്റതിനുശേഷവും വാവ പ്രദര്‍ശനം നടത്തി. കൈയിലെ രക്തം വായില്‍ വലിച്ചെടുത്ത് പുറത്തുകളയുകയും ചെയ്തു.

നാലടിയോളം നീളമുള്ള മൂര്‍ഖനെ കുപ്പിയിലാക്കി വാവ സുരേഷ് കാറില്‍ കയറി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

ഇതുവരെ 10500 പാമ്പുകളെ വാവ പിടികൂടിയിട്ടുണ്ട്. ഇരുനൂറ്റമ്പതിലേറെത്തവണ പാമ്പുകളുടെ കടിയേറ്റു. കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസത്തില്‍ മാത്രം 650 പാമ്പുകളെ പിടിച്ചു. എന്നാല്‍ ഇത്രയധികം പാമ്പുകളെ പിടിച്ചിട്ടും കഴിഞ്ഞ 25 വര്‍ഷത്തിനിടെ എട്ട്‌ രാജവെമ്പാലകളെ മാത്രമാണ് വാവ സുരേഷിന് പിടികൂടാനായത്. ഇതില്‍ നാലെണ്ണത്തെയും പിടികൂടിയത് പത്തനംതിട്ടയിലെ കോന്നിയില്‍ നിന്നാണ്.

ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്‍റെയും കൃഷ്ണമ്മയുടെയും മകനായ വാവ സുരേഷ് പന്ത്രണ്ടാം വയസിലാണ് ആദ്യമായി പാമ്പിനെ പിടിച്ചത്. അതും ഒരു കരിമൂര്‍ഖനായിരുന്നു!

വെബ്ദുനിയ വായിക്കുക