എസ്ഐയെ വെട്ടി പരുക്കേല്‍പ്പിച്ചു

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:31 IST)
PRO
അക്രമികളെ പിടിക്കാനെത്തിയ എസ്ഐക്ക് വെട്ടേറ്റ് പരുക്കുപറ്റി. കല്ലമ്പലം എസ്ഐ ബദറുദ്ദീനാണു പരിക്കേറ്റത്. എസ്.ഐ യുടെ കൈക്കും കാലിനും വെട്ടേറ്റെങ്കിലും അക്രമികളെ പിടികൂടി.

കഴിഞ്ഞ ദിവസം പതിനൊന്നരയോടെ കല്ലമ്പലം ജംഗ്ഷനില്‍ ചില കടകളില്‍ രണ്ട് പേര്‍ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐ ബദറുദ്ദീനും സംഘവും സംഭവ സ്ഥലത്തെത്തി. വാക്കത്തി വീശി എസ്ഐയേയും സംഘത്തേയും വിരട്ടാനൊരുങ്ങിയ അക്രമികളില്‍ ഒരാളെ പിടിക്കാന്‍ ബദറുദ്ദീന്‍ ശ്രമിച്ചപ്പോഴാണു വെട്ടേറ്റത്. എങ്കിലും മല്‍പ്പിടിത്തത്തിലൂടെ അക്രമിയെ എസ്ഐ കീഴ്പ്പെടുത്തി.

ഇതിനിടെ ഓടിരക്ഷപ്പെടാനൊരുങ്ങിയ രണ്ടാമനെ കൂടെയുള്ളവരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കണിയാപുരം ലക്ഷം വീട് കോളനിയില്‍ ബിജു എന്ന 26 കാരനൊപ്പം കണിയാപുരം ചാലില്‍ കനാലില്‍ പുറമ്പോക്കില്‍ ഷിബു എന്ന ഷിബു (24) വുമാണ്‌ പിടിയിലായത്.

ബദറുദീനൊപ്പം പൊലീസ് സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ. സന്തോഷിനും പൊലീസുകാരനായ ഉത്തരേന്ദ്രനാഥിനും പരിക്കേറ്റു. പരിക്കേറ്റ എസ്.ഐ യെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക