എല്‍ ടി ടി ഇ: സംസ്ഥാനത്തെങ്ങും ജാഗ്രത

തിങ്കള്‍, 30 മാര്‍ച്ച് 2009 (19:39 IST)
എല്‍ ടി ടി ഇ സംഘം കേരളത്തിലേക്ക് ബോട്ടുമാര്‍ഗം എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിരുന്നു എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കോടിയേരി പറഞ്ഞു.

എല്‍ ടി ടി ഇ സംഘം തൈക്കല്‍ കടപ്പുറത്താണ് എത്തിയതെന്നാണ് വിവരം. ഇതനുസരിച്ച് തൈക്കലില്‍ പരിശോധന നടക്കുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്കുള്ള റോഡുകള്‍ ഏതാണ്ട് പൂര്‍ണമായും അടച്ചുകഴിഞ്ഞു. അരൂര്‍ പാലത്തില്‍ പരിശോധന നടത്തുന്നു.

ഡി ജി പി കൊച്ചിയിലേക്ക് തിരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഡി ജി പി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊച്ചി ഇപ്പോള്‍ പൂര്‍ണമായും കമാന്‍ഡോകളുടെ നിയന്ത്രണത്തിലാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ മറൈന്‍ഡ്രൈവിലും പരിശോധന നടത്തുകയാണ്.

മുംബൈ മോഡല്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇത്തരത്തില്‍ ശക്തമായ തെരച്ചില്‍ നടത്താനുള്ള കാരണമെന്നറിയുന്നു. സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. വിഴിഞ്ഞത്ത് പരിശോധന നടക്കുകയാണ്.

ശ്രീലങ്കയിലെ നിലവിലുള്ള സാഹചര്യമനുസരിച്ച് തമിഴ് പുലികള്‍ അഭയാര്‍ത്ഥികളായി സമീപ ദേശങ്ങളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് കൊച്ചി കേന്ദ്രമാക്കിയുള്ള തെരച്ചിലിന് കാരണം. കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തൈക്കല്‍ കടപ്പുറത്ത് ഇറങ്ങിയ അജ്ഞാതര്‍ കൊച്ചി നഗരത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

പതിനഞ്ചു പേരടങ്ങുന്ന എല്‍ ടി ടി ഇ സംഘം കേരളത്തിലെത്തിയതായാണ് സൂചന ലഭിച്ചത്. കേരളത്തിലെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

തിരുവനന്തപുരത്ത് തുമ്പ, വേളി തീരപ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ശബരിമലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക