എന്‍ എസ് എസ് തള്ളിയാല്‍ ചെന്നിത്തല തെക്കുവടക്ക് നടക്കും!

വെള്ളി, 26 ഏപ്രില്‍ 2013 (17:45 IST)
PRO
രമേശ് ചെന്നിത്തല എന്‍ എസ് എസിനെ തള്ളിപ്പറഞ്ഞാല്‍ എന്‍ എസ് എസിന് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍ മറിച്ചായാല്‍ ചെന്നിത്തലയ്ക്ക് തെക്കുവടക്ക് നടക്കേണ്ടി വരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ചെന്നിത്തല എങ്ങനെ കെ പി സി സി അധ്യക്ഷനായെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായരും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിച്ചത്.

ഒരു ബട്ടണ്‍ ഇട്ടാല്‍ കേരളം മുഴുവന്‍ ചലിപ്പിക്കാന്‍ കഴിയുന്ന രണ്ട് സംഘടനകളാണ് ഞങ്ങളുടേത്. ഞങ്ങള്‍ വിചാരിച്ചാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളെയും പാഠം പഠിപ്പിക്കാന്‍ കഴിയും. ഞങ്ങളെ മുഷിപ്പിച്ചാല്‍ അവര്‍ക്ക് അത് ദോഷം ചെയ്യും - സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.

വി എസ് ശിവകുമാറിനെ മന്ത്രിയാക്കണമെന്ന് മാത്രമേ എന്‍ എസ് എസ് ആവശ്യപ്പെട്ടിട്ടുള്ളൂ. മറ്റൊരാള്‍ക്ക് വേണ്ടിയും പറഞ്ഞിട്ടില്ല. ശിവകുമാറിന് വേണ്ടി സംസാരിച്ചത് എന്തുകൊണ്ടാണെന്ന് എ കെ ആന്‍റണിക്ക് അറിയാം - സുകുമാരന്‍ നായര്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിലെ മൂന്ന് മന്ത്രിമാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മറ്റ് മന്ത്രിമാര്‍ക്കൊന്നും ശബ്ദമില്ല. ഞങ്ങള്‍ക്ക് പണി നല്ലതുപോലെ അറിയാം. പണിയേണ്ട സ്ഥലത്ത് പണിഞ്ഞോളാം. ഈ ഭരണം കുറച്ചുകൂടിയൊന്ന് ചീഞ്ഞുനാറട്ടെ - സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് പറയാന്‍ എന്‍ എസ് എസ് നേതൃത്വത്തിന് അവകാശമുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും അറിയിച്ചു.

വെബ്ദുനിയ വായിക്കുക