എന്‍‌ഡി‌എഫിനെ സംരക്ഷിക്കുന്നത് ലീഗ്: പിണറായി

തിങ്കള്‍, 11 ജനുവരി 2010 (20:25 IST)
PRO
എന്‍ ഡി എഫിന്‍റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് മുസ്ലിം ലീഗാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരം ശംഖുമുഖത്ത് ഡി വൈ എഫ് ഐ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു പോലെ എന്‍ ഡി എഫിനെ മുസ്ലിം ലീഗ് ചിറകിനടിയിലൊതുക്കി സംരക്ഷിക്കുകയാണ്. എന്‍ ഡി എഫ് നടത്തുന്ന എല്ലാ അക്രമപ്രവര്‍ത്തനങ്ങളെയും അവര്‍ ന്യായീകരിക്കുന്നു. മാറാട് കലാപം നടന്ന ദിവസം തന്നെ എന്‍ ഡി എഫാണ് ഇതിനു പിന്നിലെന്ന് ഞങ്ങള്‍ പറഞ്ഞു. മാറാട് സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സി ബി ഐ തയ്യാറായില്ല. ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ് - പിണറായി പറഞ്ഞു.

മതമൌലികവാദത്തെ വളര്‍ത്തുന്ന സമീപനമാണ് അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. കെ എസ് മനോജ് പാര്‍ട്ടി വിട്ടു പോയതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ സി പി എമ്മിന് എതിരാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് മനോജിനെ പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം ഒരു അര പാതിരിയായിരുന്നു. എം പി ആയപ്പോഴും പാര്‍ട്ടി അംഗത്വം എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മനോജ് മുന്‍‌കൈ എടുത്താണ് പാര്‍ട്ടി അംഗത്വത്തിലേക്കു വന്നത്. ഇപ്പോള്‍ മനോജിന് ഉണ്ടായിരിക്കുന്ന വെളിപാട് എന്തുകൊണ്ടാണെന്നറിയില്ല. എന്തായാലും അതൊന്നും സി പി എമ്മിനെ ബാധിക്കില്ല. ഇത്തരം നിരവധി ഭീഷണികളെ അതിജീവിച്ചാണ് പാര്‍ട്ടി വളര്‍ന്നത് - പിണറായി വ്യക്തമാക്കി.

പൊതുവേദിയില്‍ പ്രാസംഗികര്‍ ഏറെ ശ്രദ്ധയോടെ വേണം പ്രസംഗിക്കാനെന്ന് സഖറിയാ വിവാദത്തെ പരാമര്‍ശിച്ച് പിണറായി പ്രതികരിച്ചു. പയ്യാന്നൂര്‍ പോലെയുള്ള സ്ഥലത്ത് സി പി എമ്മിനെതിരെ സംസാരിക്കുമ്പോള്‍ പ്രാസംഗികര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിനെ വിശ്വസിക്കുന്നവരുടെ സ്ഥലത്തു ചെന്ന് ക്രിസ്തുവിനെതിരെ പറഞ്ഞാല്‍ എന്താകും സ്ഥിതി? പഴയ കമ്യൂണിസ്റ്റുകാര്‍ ലൈംഗിക അരാജകത്വം നടത്തിയിരുന്നു എന്ന് സഖറിയ പ്രസംഗിച്ചതാണ് കുഴപ്പമായത് - പിണറായി വിശദമാക്കി.

വെബ്ദുനിയ വായിക്കുക