എന്‍ഡവറിലെ വസ്തുക്കള്‍ അടിച്ചുമാറ്റിയതാര്?

വ്യാഴം, 18 ഫെബ്രുവരി 2010 (10:13 IST)
PRO
PRO
മുത്തൂറ്റ് പോള്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹം സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ നിന്ന് പല വസ്തുക്കളും പലരും എടുത്തുകൊണ്ടുപോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൊലീസിന്റെ അറിവോടെ തന്നെയാണ് എന്‍‌ഡവറില്‍ ഉണ്ടായിരുന്ന സുപ്രധാന തെളിവുകള്‍ ചിലര്‍ അടിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു. എന്തായിരുന്നു ഈ വസ്തുക്കളെന്നും ഇവ ആരാണ് മോഷ്ടിച്ചതെന്നും അന്വേഷിക്കാന്‍ സി‌ബി‌ഐ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി സി‌ബി‌ഐ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്യും.

ഓം‌പ്രകാശ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് സി‌ബി‌ഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹൈക്കോടതി അത് അനുവദിച്ചിരുന്നില്ല. മുത്തൂറ്റ് പോള്‍ വധക്കേസിന്റെ പുനരന്വേഷണമല്ല, തുടരന്വേഷണമാണ് സി‌ബി‌ഐ നടത്തുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിന്റെ മുന്നോടിയായി പ്രതികളെയെല്ലാം ചോദ്യം ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് വീണ്ടും അവരെ കസ്റ്റഡിയില്‍ വിടേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

എന്‍‌ഡവറില്‍ നിന്നുള്ള സാധനങ്ങള്‍ മോഷ്ടിച്ച സംഭവം പുതിയ കേസായി രജിസ്റ്റര്‍ ചെയ്യാനുള്ള സി‌ബി‌ഐ നീക്കം പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടിയുള്ളതാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പുതിയ കേസില്‍ ചോദ്യം ചെയ്യാനായി പ്രതികളെ സി‌ബി‌ഐക്ക് വിട്ടുകൊടുക്കേണ്ടി വരും. ഓം‌പ്രകാശ് അടക്കമുള്ള പ്രതികളെ വിട്ടുകിട്ടിയാല്‍ സത്യം പുറത്തുകൊണ്ടുവരാം എന്നാണ് സി‌ബി‌ഐ വിശ്വസിക്കുന്നത്.

മുത്തൂറ്റ് കേസില്‍ പ്രതികള്‍ പൂജപ്പുര ജയിലിലും വിയ്യൂര്‍ ജയിലിലുമായി കഴിയുകയാണ്. ജയില്‍ പ്രവര്‍ത്തന സമയത്ത് മാത്രമേ ഇവരെ ചോദ്യം ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ചോദ്യം ചെയ്യുന്നത്. ജയിലില്‍വച്ചു നടത്തുന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നു സിബിഐക്കു പ്രതീക്ഷയില്ല. എന്തായാലും, പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കസ്റ്റഡിയില്‍ കിട്ടുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ സുവ്യക്തത വരുമെന്ന് സി‌ബി‌ഐ കരുതുന്നു.

വെബ്ദുനിയ വായിക്കുക