എനിക്ക് ഓസ്കര്‍ കിട്ടുമെന്ന് ചിലര്‍ ഭയന്നു: തിലകന്‍
തിങ്കള്‍, 20 ഫെബ്രുവരി 2012 (13:00 IST)
PRO
PRO
ഡാം 999 എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നുവെങ്കില്‍ തനിക്ക് ചിലപ്പോള്‍ ഓസ്കര്‍ അവാര്‍ഡ് ലഭിച്ചേക്കും എന്ന് ഭയന്നാണ് പടത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്ത് ചാടിച്ചതെന്ന് തിലകന്‍. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് തന്നെ ഡാം 999 എന്ന സിനിമയില്‍ നിന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പുറത്താക്കിയ സംഭവത്തെ പറ്റി തിലകന്‍ പറഞ്ഞത്.
താനിപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണെങ്കിലും താര സംഘടനയായ അമ്മയുമായി യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും താന്‍ തയ്യാറല്ലെന്നും തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു.
കലാകാരന് പ്രതിബദ്ധത ഉണ്ടാകണമെന്ന കാര്യം ഒരിക്കല്‍ കൂടി തിലകന്‍ ഓര്‍മിപ്പിച്ചു. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. പക്ഷേ, എങ്ങനെ പണമുണ്ടാക്കാമെന്നാണ് ഇപ്പോഴത്തെ കലാകാരന്‍മാരുടെ ചിന്തയെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.
യുവനടന്മാരായ പൃഥ്വിരാജിനെയും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെയും തിലകന്‍ പുകഴ്ത്തി. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനടന്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഇവര്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തിലകന്‍ പറഞ്ഞു.