എനിക്കെതിരെ കോടിയേരി ബാറുടമകളുമായി ശിവന്‍‌കുട്ടിയുടെ വീട്ടില്‍‌വച്ച് ഗൂഢാലോചന നടത്തി: മന്ത്രിസ്ഥാനം രാജിവച്ച കെ ബാബു തുറന്നടിക്കുന്നു

ശനി, 23 ജനുവരി 2016 (16:15 IST)
സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാറുടമകളുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പിന്നിലെന്ന് എക്സൈസ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കെ ബാബു. വി ശിവന്‍‌കുട്ടി എം എല്‍ എയുടെ വീട്ടില്‍‌വച്ചാണ് ബാര്‍ മുതലാളിമാരും കോടിയേരിയും ഗൂഢാലോചന നടത്തിയതെന്നും ബാബു ആരോപിച്ചു.
 
ഡിസംബര്‍ 15ന് ഏഴുമണിക്കായിരുന്നു ആ ഗൂഢാലോചന. ആ സമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഞാന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ല. എനിക്കെതിരെ ഒരു എഫ് ഐ ആറും ഇട്ടിട്ടില്ല. കോടതിവിധിയുടെ വിശദാംശങ്ങള്‍ പോലും ഞാന്‍ പരിശോധിച്ചിട്ടില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇപ്പോള്‍ രാജി വയ്ക്കുന്നത്. എനിക്കെതിരെ ഗുരുതരമായ എന്തെങ്കിലും പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞ് ഞാന്‍ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. കോടതിവിധിയെപ്പറ്റി ഇപ്പോഴൊന്നും പറയുന്നില്ല. എങ്കിലും അസാധാരണമായ ഒരു വിധിയാണിത് - കെ ബാബു പറഞ്ഞു.
 
2013 ഫെബ്രുവരി രണ്ടിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാറുടമകളുമായി ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊരു പ്രീബജറ്റ് മീറ്റിംഗ് ആയിരുന്നില്ല. അബ്കാരി പോളിസി തീരുമാനിക്കാന്‍ വേണ്ടിയായിരുന്നു അത്. ആ ചര്‍ച്ചയാണ് ഇപ്പോഴത്തെ ആരോപണത്തിന് ആധാരം. എന്‍റെ മുന്‍‌ഗാമികളും അങ്ങനെ ചര്‍ച്ച നടത്തിയിട്ടുണ്ട്. ആ ചര്‍ച്ച കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണം ഉന്നയിച്ചയാള്‍ നാലുതവണ വിജിലന്‍സിന് മൊഴി കൊടുത്തിരുന്നു. അന്നൊന്നും എനിക്കെതിരെ ആരോപണം ഉന്നയിച്ചില്ല. മാര്‍ച്ച് 30ന് മജിസ്ട്രേറ്റിന് മുമ്പില്‍ 164 സ്റ്റേറ്റ്മെന്‍റ് നല്‍കിയപ്പോഴും എനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല - ബാബു വ്യക്തമാക്കി.
 
എക്സൈസ് മന്ത്രി എന്ന നിലയില്‍ ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനം നടത്താന്‍ എനിക്ക് സാധിച്ചു. കേരളത്തില്‍ മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കാനും ബോധവത്കരണ പ്രവര്‍ത്തനം നടത്താനും എന്‍‌ഫോഴ്സ്‌മെന്‍റ് ഫലപ്രദമായി നടത്താനും കഴിഞ്ഞു. ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട് 49 വര്‍ഷമായി. 25 വര്‍ഷമായി എം എല്‍ എയാണ്. ധാര്‍മ്മികത വിട്ടുള്ള നിലപാട് ഞാന്‍ സ്വീകരിച്ചിട്ടില്ല. ഒരാളുടെ കൈയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സൌജന്യം ഞാന്‍ സ്വീകരിച്ചിട്ടില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കുക എന്നത് വ്യക്തിപരമായി ഞാന്‍ എടുത്ത തീരുമാനമാണ്. ഞാന്‍ രാജിവയ്ക്കണമെന്ന് ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. സാമൂഹ്യന‌ന്‍‌മ ലക്‍ഷ്യം വച്ചുകൊണ്ട് നടപ്പാക്കിയ മദ്യനയത്തിന്‍റെ പേരില്‍ നഷ്ടമുണ്ടായ മദ്യമുതലാളിമാര്‍ സി പി എം നേതാക്കളുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. മന്ത്രിസ്ഥാനം വലിയ കാര്യം തന്നെയാണ്. എന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന് മന്ത്രിസ്ഥാനമാണ് ഏറ്റവും വലിയ കാര്യം എന്ന് ഞാന്‍ കരുതുന്നില്ല - കെ ബാബു വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക