എച്ച്.എം.ടി വിറ്റ ഭൂമിയുടെ പോക്കുവരവ് റദ്ദ് ചെയ്യാന്‍ സി.പി.ഐ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഇടപാടില്‍ ദുരൂഹത ഉണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ചേര്‍ന്ന യോഗമാണ് നിര്‍ണ്ണായകമായ ഈ തീരുമാനമെടുത്തത്. സി.പി.ഐയുടെ രാഷ്ട്രീയ തീരുമാനം അനുസരിച്ച് നേരത്തെ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ വിശദമായ ഒരു കുറിപ്പ് മന്ത്രിസഭായോഗത്തില്‍ നല്‍കിയിരുന്നു.
ഭൂമി ഇടപാട് വിവാദമായ സാഹചര്യത്തില്‍ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ വച്ചത്. ഒന്നുകില്‍ പോക്കുവരവ് റദ്ദാക്കണം അല്ലെങ്കില്‍ ഉന്നത സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറിപ്പില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പോക്കുവരവ് റദ്ദാക്കണമെന്ന ആവശ്യം യോഗം തള്ളുകയായിരുന്നു. ഇക്കാര്യം ഇന്നത്തെ സമിതി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ തന്നെയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
മെര്‍ക്കിസ്റ്റണ്‍ ഇടപാടിലും മൂന്നാര്‍ ഒഴിപ്പിക്കലിലും സി.പി.ഐയെ പ്രതിക്കൂട്ടിലാക്കിയതു പോലെ എച്ച്.എം.ടി വിവാദത്തിലും പ്രതിയാക്കാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ കൂടി പഴ്ചാത്തലത്തിലാണ് പോക്കുവരവ് റദ്ദ് ചെയ്യണമെന്ന ആവശ്യം സി.പി.ഐ ഉന്നയിക്കുന്നത്.