എം.എന്‍ ലോട്ടറി മെയ് ഒന്നുമുതല്‍

ബുധന്‍, 30 ഏപ്രില്‍ 2008 (10:22 IST)
എം.എന്‍. ലക്ഷംവീട്‌ നവീകരണ ബംബര്‍ ലോട്ടറിയുടെ ടിക്കറ്റ്‌ വിതരണോത്സവം മെയ്‌ ഒന്നിന്‌ വൈകിട്ട്‌ നാലിന്‌ ചേര്‍ത്തല അശ്വനി ആഡിറ്റോറിയത്തില്‍ വനം-ഭവനനിര്‍മാണ വകുപ്പു മന്ത്രി ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്ത്‌ വകുപ്പു മന്ത്രി മോന്‍സ്‌ ജോസഫ്‌ മുഖ്യാതിഥിയായിരിക്കും. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ടിക്കറ്റ്‌ ഏറ്റുവാങ്ങും. പി. തിലോത്തമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജീര്‍ണ്ണാവസ്ഥയിലായ 60000 ത്തോളം ലക്ഷം വീടുകളാണ്‌ നവീകരിക്കുന്നത്‌.

ഓരോ വീടിനും 50000 രൂപയുടെ നവീകരണത്തിന്‌ മൊത്തം 300 കോടി രൂപ വേണ്ടിവരും. ഇതിന്‍റെ പകുതി സര്‍ക്കാര്‍ വിഹിതവും ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവുമാണ്‌. ലോട്ടറിയിലൂടെ 25 കോടി രൂപ സമാഹരിക്കാനാണ്‌ ലക്‍ഷ്യം.

50 രൂപ വിലയുള്ള ലോട്ടറിയുടെ ബംബര്‍ സമ്മാനം ഒരു കോടി രൂപയാണ്‌. രണ്ടാം സമ്മാനം ഒരു ലക്ഷം രൂപ വീതം പത്തുപേര്‍ക്കും മൂന്നാം സമ്മാനം 25000 രൂപ വീതം പത്തു പേര്‍ക്കും ലഭിക്കും. നറുക്കെടുപ്പ്‌ മെയ്‌ 27ന് നടക്കും.

വെബ്ദുനിയ വായിക്കുക