എംആര്‍ മുരളി സ്ഥാനമൊഴിയില്ല: സിപിഎമ്മിലേക്ക് തിരിച്ചുപോയേക്കും?
ബുധന്‍, 17 ഏപ്രില്‍ 2013 (13:48 IST)
PRO
PRO
ജനകീയ വികസനസമിതി നേതാവ് എം ആര്‍ മുരളി നഗരസഭാ ചെയര്‍മാന്‍ സ്ഥാനമൊഴിയില്ല. ഇതോടെ ഷൊര്‍ണൂര്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. നഗരസഭാ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനു വേണ്ടി ഒഴിഞ്ഞു കൊടുക്കില്ലെന്നു ജനകീയ വികസന സമിതി നേതാവ് എംആര്‍ മുരളി പറഞ്ഞു.
അതേസമയം, ജനകീയ വികസന സമിതി മര്യാദ പാലിക്കണമെന്നു നഗരസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ജനകീയ വികസന സമിതിയും തമ്മിലുള്ള ധാരണപൊളിഞ്ഞതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. എം ആര്‍ മുരളി സിപിഎമ്മിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുയാണെന്ന വാര്‍ത്ത ഇതോടെ ശക്തമായി.
33 അംഗ നഗരസഭയില്‍ എട്ട് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് എംആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായത്. രണ്ടര വര്‍ഷത്തിനു ശേഷം യുഡിഎഫ് പ്രതിനിധി ചെയര്‍മാന്‍ ആകണമെന്നായിരുന്നു ധാരണ. ഈ കാലാവധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എംആര്‍ മുരളി ധാരണയില്‍ നിന്നു പിന്‍മാറിയത്.
എന്നാല്‍ അഞ്ചു വര്‍ഷവും ചെയര്‍മാനായി തുടരുമെന്നും ഇങ്ങനെയൊരു ധാരണയുണ്ടാക്കിയിട്ടില്ലെന്നുമാണു മുരളി പക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസുമായി തര്‍ക്കം രൂക്ഷമായാല്‍ മുരളിയെ പരസ്യമായി പിന്തുണയ്ക്കുകയും അതുവഴി തിരിച്ചുവരവിന് പാതയൊരുക്കുകയുമാണ് സിപിഎമ്മിന്റെ തന്ത്രം.