തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ എല്ലാ യഥാര്‍ത്ഥ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം മൂന്നാം അതിവേഗ കോടതിയുടേതാണ് ഉത്തരവ്. കേസിന്‍റെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ എസ്.ഐ പ്രദീപ് കുമാറിന് രേഖകള്‍ കൈമാറാനാണ് കോടതി ഉത്തരവ്. കീഴ്ക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ വിട്ടുകിട്ടണമെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കേസിലെ നാലാം പ്രതി രവീന്ദ്രന്‍നായര്‍ രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.