ഉമ്മന്‍ചാണ്ടിയുടെ ജോലി മന്ത്രിമാരുടെ ജീര്‍ണത മറയ്ക്കല്‍: എം എ ബേബി
ശനി, 13 ഏപ്രില്‍ 2013 (14:43 IST)
PRO
PRO
ഭരിക്കുന്നതിനുപകരം യുഡിഎഫിലെ മന്ത്രിമാരുടെയും നേതാക്കളുടെയും ജീര്‍ണത മറയ്ക്കല്‍മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജോലിയെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളെ സമുദായവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു ബേബി.
സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല. അഴിമതി അര്‍ബുദംപോലെ വ്യാപിക്കുകയാണ്. ആറു മണിക്കൂര്‍ വൈദ്യുതിനിയന്ത്രണം വേണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നു. വിഷുവിനുള്ള "സമ്മാനമായി" ബിപിഎല്‍ വിഭാഗത്തിന് ആറു കിലോയും എപിഎലിന് നാലര കിലോയും റേഷന്‍ അരി കുറയ്ക്കുന്നു.
പരിസ്ഥിതിയെയും കേരളത്തെയും സംരക്ഷിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിക്ഷേപമായിരുന്നു നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം. ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ കമീഷനായി നിയമിച്ചു. പ്രധാനമന്ത്രിയും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെയും കണക്കനുസരിച്ച് രാജ്യം സാമ്പത്തികമായി വളരുകയാണ്. എന്നാല്‍, ഇത് ശതകോടീശ്വരന്‍മാരുടെ സമ്പത്തിന്റെമാത്രം വളര്‍ച്ചയാണ്. ഇത് സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.