ഉമ്മന്‍‌ചാണ്ടിക്കൊപ്പം പ്രവര്‍ത്തിക്കണം: ഷീല

വെള്ളി, 28 സെപ്‌റ്റംബര്‍ 2012 (17:05 IST)
PRO
ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നല്ല നേതാവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍‌പ്പര്യമുണ്ടെന്ന് നടി ഷീല. കോണ്‍ഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകുമെന്നും ഷീല വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളിലും നല്ല വശങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ്‌ ഇതര പാര്‍ട്ടികളിലാണെങ്കില്‍ സമരം ചെയ്തു നടക്കാനേ സമയമുണ്ടാകൂ എന്നും ഷീല പറയുന്നു.

ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടെന്നും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അത് സാധിക്കൂ എന്നും ഷീല പറയുന്നു. “നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ അതിനെ വിലമതിക്കണമെങ്കില്‍ അധികാരത്തിന്‍റെ പിന്‍ബലം ആവശ്യമാണ്‌. ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നല്ല നേതാവിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌“ - ഷീല പറയുന്നു.

“ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്നറിഞ്ഞ നാള്‍ മുതല്‍ ദിവസേന എന്നെ നിരവധി സ്ത്രീകളാണ് വിളിച്ചുകൊണ്ടിരിക്കുന്നത്‌. അവരുടെ പ്രശ്നങ്ങള്‍ എന്നോടു പങ്കുവയ്ക്കുന്നു. ഷീലാമ്മ മനസുവച്ചാല്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്ന്‌ അവര്‍ പറയുന്നു. നിരവധി സ്ത്രീസംഘടനകളും പൂര്‍ണപിന്തുണ അറിയിച്ചിട്ടുണ്ട്“ - ഷീല ദീപികയോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക