ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് വിഎസ്
തിങ്കള്‍, 22 ജൂലൈ 2013 (13:07 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഇടതുമുന്നണിയുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇടതുമുന്നണിയുടെ സമരത്തെ തടയാനും സത്യം പുറത്തുവരുന്നത് തടയാനും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനും ചില കേന്ദ്രമന്ത്രിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സരിത എസ് നായര്‍ അടക്കമുള്ളവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടത് എം എല്‍ എ മാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് വിലകല്‍പ്പിക്കുന്നില്ല. അട്ടപ്പാടിയിലെ ആദിവാസികളെപ്പോലും മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ടെന്നി ജോപ്പനെ വിശ്വസിച്ചല്ല ശ്രീധരന്‍ നായര്‍ തട്ടിപ്പുസംഘത്തിന് പണം നല്‍കിയത്.
40,000 കോടിയുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നത്. ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് എല്ലാം നടത്തിയത്. കോണ്‍ഗ്രസ് ജനങ്ങളെ ഭയക്കുന്നു. ജനവികാരം അട്ടിമറിച്ച് മുഖ്യമന്ത്രിയെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുഖ്യമന്ത്രി തെറ്റുചെയ്തിട്ടില്ലെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യം ഇടതുപക്ഷത്തിന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.