ഉമ്മന്‍ചാണ്ടിയും ഫായിസും കാറില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പിണറായി

തിങ്കള്‍, 17 ഫെബ്രുവരി 2014 (13:35 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി ഫായിസുമായി രഹസ്യകൂടിക്കാഴ്‌ച നടത്തിയെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷായാത്രയുടെ ഭാഗമായി പാ‍ലക്കാടെത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കണ്ണൂര്‍ യാത്രയ്‌ക്കിടെയാണ് ഫായിസ്‌ അദ്ദേഹത്തിന്റെ കാറില്‍ കയറിയത്. കാറില്‍ അരമണിക്കൂര്‍ സംസാരിച്ചു. ഫായിസ്‌ ഇത്രയുംനേരം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തത് എന്താണെന്ന് അന്വേഷിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

സി ഭാസ്‌കരനെ മാത്രമല്ല പലരേയും കേസില്‍ കുടുക്കണമെന്ന്‌ കെകെ രമയ്‌ക്ക്‌ ആഗ്രഹമുണ്ട്‌. ടിപി കൊലപ്പെട്ട ദിവസത്തെ ഫോണ്‍ കോളുകളെക്കുറിച്ച്‌ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകം സമര്‍ഥരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീതിപൂര്‍വമായി അന്വേഷിക്കണം. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകനെ പോലെയാണ് പെരുമാറുന്നതെന്ന് പിണറായി ആരോപിച്ചു.

നിര്‍ഭയപദ്ധതി രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക