ഉപരോധം: സമരത്തെ ഉഷാറാക്കാന്‍ പാചകപ്പുരകള്‍ സജീവം!

തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:31 IST)
PRO
PRO
സമരത്തെ ഉഷാറാക്കാന്‍ സെക്രട്ടറിയേറ്റ് ഉപരോധക്കാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി തലസ്ഥാന നഗരിയിലെ 15 ഓളം പ്രദേശങ്ങളിലായി ഒരുക്കിയിരിക്കുന്ന പാചക ശാലകള്‍ ഉഷാറായി. ഉപ്പുമാവും പഴവുമാണ്‌ പ്രാതലായി നല്‍കിയത് എങ്കില്‍ ഉച്ച ഭക്ഷണത്തിന്‌ ചോറിനൊപ്പം സാമ്പാറും അവിയലും ആണ്‌ നല്‍കുക.

കണ്ണൂരില്‍നിന്നു വന്ന പ്രവര്‍ത്തകര്‍ക്ക് മാഞ്ഞാലിക്കുളത്തെ ദേശാഭിമാനിയുടെ പഴയ ഓഫീസിലാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് പിണറായി വിജയന്‍ ഇവിടെയെത്തി പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇവിടത്തെ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചുമതല കോട്ടയത്തു നിന്നെത്തിയ രാമഭദ്രനാണ്. പ്രഭാത ഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കിയ ശേഷമാണ്‌ പ്രവര്‍ത്തകരെ പ്രതിരോധത്തിനയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരേ സമയം 5000 ഓളം പേര്‍ക്കു ഭക്ഷണം വിളമ്പാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി ഭക്ഷണം കഞ്ഞിയാണ്.

മാഞ്ഞാലിക്കുളത്തെ കേന്ദ്രത്തിനു പുറമേ ജഗതിയില്‍ നഗരസഭയുടെ തുറന്ന പ്രദേശത്തും ജഗതിയിലെ തന്നെ അനന്തപുരി ഓഡിറ്റോറിയത്തിലും പനവിള ജംഗ്ഷനിലും ബേക്കറിജംഗ്ഷനു സമീപം വത്സലാ നഴ്സിംഗ് ഹോമിനു സമീപത്തുള്ള കെട്ടിടത്തിലും ആയുര്‍വേദ കോളേജില്‍ ഭീമയ്ക്ക് എതിര്‍ വശത്തെ പ്രദേശത്തും ചിറക്കുളത്ത് സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിനെതിര്‍വശത്തും പാളയം ലെനിന്‍ നഗറിലും ഭക്ഷണം തയ്യാറാക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമേ തമ്പാന്നൂരില്‍ ട്രാന്‍സ്പോര്‍ട്ട് എമ്പ്ലൊയീസ് യൂണിയന്‍ ഓഫീസിലും പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കിലും നന്ദാവനത്ത് എ.ജെ അപ്പാര്‍ട്ട്‍മെന്‍റിനടുത്തും വഴുതക്കാട് ഹീര ബില്‍ഡിംഗ്സിലും കുന്നുകുഴിയില്‍ പ്രവാസി സംഘം സ്റ്റഡി സെന്‍ററിലും പുളിമൂട്ടില്‍ ധന്വന്തരി മഠത്തിനു പിറകിലും ആയാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്. മിക്ക സ്ഥലങ്ങളിലും ഏതാണ്ട് ഒരേ വിധത്തിലുള്ള ഭക്ഷണം തന്നെയാണു തയ്യാറാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക