ഉണ്ണിത്താനെ ചെയര്‍മാനാക്കി, സിനിമാരംഗം കൂട്ടരാജിക്ക് ഒരുങ്ങുന്നു

ശനി, 21 മാര്‍ച്ച് 2015 (11:31 IST)
കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാരംഗത്തെ പ്രമുഖര്‍ സംഘടനയില്‍ നിന്ന് കൂട്ടരാജിക്ക് ഒരുങ്ങുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇത്. തിങ്കളാഴ്ചയ്ക്ക് മുമ്പ് രാജി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്ക് ഒരുങ്ങുന്നത്.
 
നിലവില്‍ സാബു ചെറിയാനാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍. കെ ബി ഗണേഷ് കുമാര്‍ സിനിമാമന്ത്രി ആയിരുന്നപ്പോള്‍ ആയിരുന്നു സാബു ചെറിയാനെ ഈ സ്ഥാനത്ത് കൊണ്ടുവന്നത്. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയതിനു ശേഷം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു നടത്തിയിരുന്നത്.
 
സാബു ചെറിയാനെ മാറ്റുന്നത് സിനിമാമേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നതല്ലാതെ സിനിമാരംഗവുമായി കാര്യമായ ബന്ധമൊന്നും ഉണ്ണിത്താനില്ല. ഇതാണ്, മറ്റ് ചലച്ചിത്രപ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.
 
കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ പേര് ബോര്‍ഡ് അംഗങ്ങളുടെ പാനലിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നും സിനിമാരംഗത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് ചലച്ചിത്രപ്രവര്‍ത്തകരുടേത്. 

വെബ്ദുനിയ വായിക്കുക