ഈ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ചവിട്ടിത്താഴ്ത്താന്‍- തിരുവഞ്ചൂര്‍

ശനി, 1 മാര്‍ച്ച് 2014 (12:09 IST)
PRO
PRO
നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസിയെ ചവിട്ടിത്താഴ്ത്താനാണ് ഇപ്പോള്‍ നടക്കുന്ന പണിമുടക്കെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനെ ഇല്ലാതാക്കാനെ പണിമുടക്ക് സഹായിക്കൂ. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് സമരം നടത്തുന്നവര്‍ തന്നെ കണ്ടെത്തി പറയട്ടെ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് പൂര്‍ണമാണ്. എല്ലാ സംഘടനകളും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നതിനാല്‍ ജോലിക്ക് അധികമാരും ഹാജരായില്ല. സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ശനിയാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്.

ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. യാത്രകള്‍ക്ക് ഏറെക്കുറെ കെ‌എസ്‌ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലും ദേശസാല്‍കൃത ദീര്‍ഘദൂര റൂട്ടുകളിലുമാണ് സമരം ഏറെ ബാധിക്കുന്നത്.

പണിമുടക്ക് കര്‍ശനമായി നേരിടുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ജീവനക്കാരുടെ അവധികള്‍ റദ്ദാക്കി. ജോലിക്ക് വരാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ട്.

ബസ്സുകള്‍ കേടുവരുത്തിയാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശിക തീര്‍ക്കുക, കെഎസ്ആര്‍ടിസി രക്ഷാ പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

വെബ്ദുനിയ വായിക്കുക