ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: ശ്രീനിവാസന്‍

ഞായര്‍, 21 മെയ് 2017 (10:18 IST)
രാജ്യത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് തോന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറഞ്ഞിരുന്നപോലെ ലക്ഷം, ലക്ഷം പേരെ പിന്നാലെ നടത്തിക്കുന്ന ഒരു നേതാവല്ല നമുക്ക് വേണ്ടത്. നമ്മളോടൊപ്പം നടക്കുന്ന നേതാക്കളാണ് വേണ്ടതെന്നും കോഴിക്കോട് നടന്ന പരസ്ഥിതിയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.   
 
പഴയപോലെയല്ല ഇപ്പോളുള്ള സ്ഥിതി. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്കും നല്ല വിവരമുണ്ട്. എങ്കിലും തെരഞ്ഞെടുക്കാന്‍ പറ്റിയ കക്ഷികളില്ലാത്തതാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. അതേസമയം രാഷ്ട്രീയത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് വിവരമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു‍.
 
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പലകാര്യങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരുകളോട് അപേക്ഷിച്ചിട്ട് കാര്യമില്ല. പകരം പരിസ്ഥിതി പ്രവര്‍ത്തകരാണ് ഭരണം പിടിച്ചെടുക്കേണ്ടത്. അവരിലേക്കാണ് അധികാരം വരേണ്ടത്. അത്തരത്തിലുള്ള ജനാധിപത്യരാഷ്ട്രത്തില്‍ തനിക്ക് എംഎല്‍എയാകണമെന്ന ആഗ്രഹമില്ല. എന്നാല്‍ എപ്പോഴും താന്‍ അതിന്റെ കൂടെയുണ്ടാകും. ജനാധിപത്യമില്ലാത്ത രാഷ്ട്രങ്ങളെക്കാള്‍ മോശമാണ് ഇന്ത്യയിലെ സ്ഥിതി. ഗുണ്ടാധിപത്യവും പണാധിപത്യവും രാഷ്ട്രീയാധിപത്യവുമൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കളളവോട്ട് ചെയ്താല്‍ എങ്ങനെയാണ് ജനാധിപത്യം വരുക. ഒറ്റത്തെരഞ്ഞെടുപ്പില്‍ 14 കളളവോട്ട് വരെ ചെയ്ത ഒരാള്‍ വിരല്‍ വല്ലാതെ എരിയുന്നുവെന്ന് പറയുന്നത് കേട്ട അനുഭവം തനിക്കുണ്ടായിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് മാത്രം റെഡ് കാറ്റഗറിയില്‍പ്പെട്ട 83 ഫാക്ടറികളുണ്ട്. കോഴിയിലും വെളിച്ചെണ്ണയിലും കൊടിയ വിഷമാണ്. പശ്ചിമഘട്ടത്തില്‍ നൂറുകണക്കിന് ക്വാറികള്‍ക്കാണ് അനുമതി കൊടുത്തത്. ഇതെല്ലാം വെറുതെ സര്‍ക്കാരിനോട് പറയുന്നതിന് പകരം ജനം ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക