ഇനിയും കാത്തിരിക്കാന്‍ തയ്യാര്‍: മുരളീധരന്‍

ബുധന്‍, 27 ജനുവരി 2010 (20:35 IST)
PRO
PRO
കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നതിനായി ഇനിയും കാത്തിരിക്കാന്‍ താന്‍ തയ്യാ‍റാണെന്ന് കെ മുരളീധരന്‍. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള കെ പി സി സി തീരുമാനം അറിഞ്ഞതിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി തീരുമാനം പ്രതീക്ഷിച്ചതാണ്. തെറ്റു പറ്റിയതായി സമ്മതിക്കുന്നു. തെറ്റുകള്‍ പൊറുക്കണമെന്ന് എല്ലാ കോണ്‍ഗ്രസുകാരോടും അപേക്ഷിച്ചിരുന്നു. സമസ്താപരാധം ഏറ്റു പറയുന്ന ഒരാളുടെ തലയില്‍ ആരും ചവിട്ടാറില്ല. എന്നാല്‍ അതു തനിക്ക് കിട്ടിയെന്നും മുരളി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കരുണാകരനെക്കുറിച്ച് യോഗത്തില്‍ ചില മോശം പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ ദു:ഖമുണ്ട്. മകനായതു കൊണ്ടല്ല അദ്ദേഹം തനിക്കു വേണ്ടി വാദിച്ചത്. രാഷ്‌ട്രീയവും കുടുംബകാര്യവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായി കാണണമെന്നും മുരളി ആവശ്യപ്പെട്ടു.

മുന്‍ കെ പി സി സി അധ്യക്ഷനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ്‌ കരുണാകരന്‍ ആവശ്യപ്പെട്ടത്‌. അദ്ദേഹത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടിയിലേക്കു കൊണ്ടുവന്നവര്‍ പോലും മൗനം പാലിച്ചു. ഇതു തന്നെ വിഷമിപ്പിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക