സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ കഴിഞ്ഞ 22 ദിവസമായി നടത്തി വരുന്ന സമരം പര്യവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിക്കുകയും സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിച്ചത്.
മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയുടെ ഫലമറിയാന്‍ ആകംഷയോടെയായിരുന്നു സംസ്ഥാനത്തെ നഴ്സുമാര്‍ നിലയുറപ്പിച്ചത്. സമരം ജയം കണ്ടെന്ന വാര്‍ത്തയായിരുന്നു അവരെ തേടിയെത്തിയത്. ‘അഞ്ച് ആറ് മാസമായി വലിയ പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു ഞങ്ങള്‍. അതിന് കിട്ടിയ അന്തിമ വിജയമാണിത്. ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോകത്തിന്റെ പലയിടങ്ങളിലുള്ള നേഴ്‌സുമാര്‍ക്കും രോഗികള്‍ക്കും പൊതുജനത്തിനും നന്ദി അറിയിക്കുന്നു. ഈ ചരിത്ര വിജയം നേഴ്‌സിങ് സമൂഹം ആഘോഷിക്കുമെന്ന്’ നഴ്സുമാര്‍ പറയുന്നു.