ഇടുക്കിയില്‍ നിന്ന് അകറ്റിയത് ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണെന്ന് എംഎം മണി

ബുധന്‍, 21 ഓഗസ്റ്റ് 2013 (14:45 IST)
PRO
PRO
ത്രിമൂര്‍ത്തികളായ നികൃഷ്ട ജീവികളാണ് തന്നെ ഇടുക്കിയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് പിന്നിലെന്ന് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്നും മണി കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, പിടി തോമസും നികൃഷ്ടജീവികളാണ്. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു.എന്നാല്‍ തന്നെ അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തിച്ച ആ പമ്പരവിഡ്ഡികള്‍ക്ക് തെറ്റിപ്പോയെന്നും മണി മൂലമറ്റത്ത് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.

ആരും വിചാരിച്ചാലും തന്റെ ശൈലി മാറ്റാനാവില്ല. അങ്ങനെ ശൈലി മാറ്റിയാല്‍ താന്‍ താനല്ലാതാകും. കന്നിമാസത്തില്‍ ചില ജന്തുക്കള്‍ പിറകെ നടക്കാറുണ്ട്. അതുപോലെയാണ് സരിതയുടെ പുറകെ കോണ്‍ഗ്രസുകാര്‍ പോയതെന്നും മണി പരിഹസിച്ചു. സോളാര്‍ കേസില്‍ തിരുവഞ്ചൂര്‍ വെള്ളം കുടിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തിന്റെ പേരില്‍ അഞ്ചേരി ബേബി കേസില്‍ അറസ്റ്റിലായ മണി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെയാണ് മാസങ്ങള്‍ക്ക് ശേഷം ഇടുക്കി ജില്ലയില്‍ പ്രവേശിച്ചത്.

വെബ്ദുനിയ വായിക്കുക