ആർ സുകേശനെതിരായ ആരോപണം; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വ്യാഴം, 7 ഏപ്രില്‍ 2016 (14:51 IST)
ഗൂഢാലോചന ആരോപണത്തിൽ വിജിലൻസ് എസ്പി ആർ സുകേശനെതിരെ സര്‍ക്കാരിന്റെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളതെന്ന് ഹൈക്കോടതി. ഇത് ഗൗരവകരമായ വിഷയമാണ്. സുകേശനെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് പി ഡി രാജൻ പറഞ്ഞു.
 
ബാർകോഴ കേസിലെ വിജിലൻസ് കോടതി നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ എം മാണി സമർപ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സർക്കാറിനെതിരെ ബാറുടമ ബിജു രമേശും എസ് പി സുകേശനും ഗൂഢാലോചന നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സുകേശനാണ് ബാറുടമ ബിജു രമേശിനെ പ്രേരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിയാണ് അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടത്.
 
തെളിവുണ്ടെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് മാറ്റി നിർത്തിയാവണം അന്വേഷണം നടത്തേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാനും ജസ്റ്റിസ് പി ഡി രാജൻ നിർദേശിച്ചു. അതേസമയം, സുകേശനെതിരെ ക്രൈംബ്രാഞ്ചാണ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക