ആശുപത്രിയിലെ ബില്‍ കണ്ട് രോഗി ബോംബ് ഭീഷണി മുഴക്കി
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (14:36 IST)
PRO
PRO
ആശുപത്രിയിലെ അമിത ചികിത്സാ ബില്‍ കണ്ട രോഗി ബോംബ് ഭീഷണി മുഴക്കി ആശുപത്രി അധികൃതരെ വലച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോഴിക്കോട് ഇടിയങ്ങര മാമിക്കാവ് അബ്ദുള്‍ അസീസാണ് ആശുപത്രിക്കാരെ വലച്ചത്.
ഉദരരോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അബ്ദുള്‍ അസീസിന് ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ 65,000 രൂപയുടെ ബില്ലും കൂടി കിട്ടിയപ്പോളാണ് ബോംബ് ഭീഷണി മുഴക്കി അസീസ് ആശുപത്രിക്കാര്‍ക്ക് പണി കൊടുത്തത്.
ബില്ല് കിട്ടിയത്തിന് ശേഷം അസീസ് വാര്‍ഡിലെ കട്ടിലില്‍ കിടന്ന് കൊണ്ട് സ്വന്തം മൊബൈല്‍ ഫോണില്‍ ആശുപത്രിയിലെ ഫോണിലേക്ക് വിളിച്ച് ആശുപത്രിയില്‍ ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി നല്‍കി. ഭീഷണി മുഴക്കിയ ശേഷം അസീസ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.
ഭീഷണി കേട്ട് ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ബോംബ് സ്ക്വാഡുമായി എത്തിയ പൊലീസ് മൂന്ന് മണിക്കൂര്‍ നേരം ആശുപത്രി പരിശോധിച്ചു. പരിശോധനയില്‍ ബോംബ് ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെയാണ് ഫോണ്‍വിളി വന്നതെന്ന് അറിഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ നിന്ന് അബ്ദുള്‍ അസീസനെ പൊലീസ് പിടികൂടി. അസീസനെതിരെ കേസ് എടുത്തിട്ടുണ്ട്.