ആലപ്പുഴ മെഗാ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് ഭരണാനുമതി

വെള്ളി, 12 ജൂലൈ 2013 (18:25 IST)
PRO
സംസ്ഥാനത്തെ ഏറ്റവും മികച്ച കായല്‍ ടൂറിസം പദ്ധതിയായ ആലപ്പുഴ മെഗാ കായല്‍ ടൂറിസം സര്‍ക്യൂട്ടിന് ഭരണാനുമതി നല്‍കിയതായി പട്ടികജാതി പിന്നാക്ക ക്ഷേമ, ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

52.25 കോടി രൂപയുടെ ഈ മെഗാ കായല്‍ ടൂറിസം പദ്ധതിക്ക് 47.62 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുള്ളതായും ഇതില്‍ ആദ്യ ഗഡുവായി 2.38 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചതായും മന്ത്രി പറഞ്ഞു.

ഏഴു ഹൗസ് ബോട്ട് ടെര്‍മിനലുകള്‍ (15 കോടി), രണ്ട് നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകള്‍ (13 കോടി), നാല് മൈക്രോ ഡെസ്റ്റിനേഷനുകളുടെ വികസനം (5.54 കോടി), രണ്ട് ബീച്ചുകളുടെ വികസനം (2.62 കോടി), ടൂറിസം സര്‍ക്യൂട്ട് കേന്ദ്രമായ ആലപ്പുഴ ടൗണ്‍ വികസനം (12.14 കോടി), പദ്ധതി പ്രദേശത്തെ പാരിസ്ഥതിക വികസന പ്രവര്‍ത്തനങ്ങളും സംരക്ഷണവും (1.40 കോടി) എന്നിവയാണ് മെഗാടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍.

ആലപ്പുഴയുടെ കായല്‍ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ള വികസന പദ്ധതിയില്‍ വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിയിട്ടുള്ളതായും പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ആഗോളതലത്തില്‍ മികച്ച കായല്‍ ടൂറിസം ഡെസ്റ്റിനേഷനായി ആലപ്പുഴ രൂപാന്തരപ്പെടുമെന്നും മന്ത്രി അനില്‍കുമാര്‍ വ്യക്തമാക്കി. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക