ആലപ്പുഴയില്‍ സാമൂഹ്യവിരുദ്ധ ആക്രമം; വീടുകളും കാറുകളും തകര്‍ത്തു

ചൊവ്വ, 16 ഏപ്രില്‍ 2013 (14:34 IST)
PRO
PRO
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധ ആക്രമണം. കടകള്‍ക്കും വീടുകള്‍ക്കും നേരെയായിരുന്നു അക്രമം. കാറുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. ആര്യാട്‌ പഞ്ചായത്ത്‌ സാംസ്ക്കാരിക നിലയത്തിന്‌ സമീപം കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ്‌ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്‌. ആര്യാട്‌ പഞ്ചായത്ത്‌ 11, രണ്ട്‌ വാര്‍ഡുകളില്‍പ്പെടുന്ന വൃന്ദാവനത്തില്‍ മുരളീധരന്‍നായര്‍, ചിറ്റുവേലിക്കകത്ത്‌ ജയപാലന്‍, സിത്താരയില്‍ ലത, അമ്പാടിയില്‍ മുരളി എന്നിവരുടെ വീടുകള്‍ക്ക്‌ നേരെയാണ്‌ അക്രമമുണ്ടായത്‌. അമ്പാടിയില്‍ മുരളിയുടെയും, ചിറ്റുവേലിക്കകത്ത്‌ ജയപാലന്റെയും കാറുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

സമീപത്തെ സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസിന്‌ നേരെയും അക്രമം നടന്നു. വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. നോര്‍ത്ത്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത്‌ കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യവിരുദ്ധാക്രമണം വ്യാപകമാണെന്ന്‌ പരാതിയുണ്ട്‌.

കുത്തിയതോട്‌ മദ്യ-മയക്കുമരുന്ന്‌ മാഫിയയുടെ മര്‍ദ്ദനമേറ്റ മധ്യവയസ്ക്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയതോട്‌ പഞ്ചായത്ത്‌ 10-ാ‍ം വാര്‍ഡില്‍ ചാത്തന്‍വേലിയില്‍ അഷ്‌റഫി (49)നെയാണ്‌ തലയ്ക്കും മുഖത്തും ഗുരുതരപരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ്‌ സംഭവം. പ്രദേശവാസിയായ രണ്ടുപേര്‍ ചേര്‍ന്ന്‌ ഇരുമ്പുവടികൊണ്ടും മെറ്റിലുകൊണ്ടും മുഖത്തു മര്‍ദ്ദിക്കുകയായിരുന്നെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. പ്രതികളുടെ മയക്കുമരുന്നു വില്‍പ്പനയ്ക്കെതിരെ പ്രതികരിച്ചതിനാണ്‌ മര്‍ദ്ദനം. ഇദ്ദേഹത്തിന്റെ മൂക്കിന്റെ പാലത്തിനും മുഖത്തും ക്ഷതമേറ്റ്‌ ബോധം കെട്ടുവീണ ഇയാളെ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട്‌ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ മത്സ്യ വില്‍പ്പനനടത്തി ഉപജീവനമാര്‍ഗം നടത്തുന്ന ഇയാളെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന്‌ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പുന്നപ്രയില്‍ വിഷുദിനത്തില്‍ പടക്കം കത്തിച്ച്‌ വീട്ടിലേക്കെറിഞ്ഞത്‌ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‌ ദമ്പതികളെ വീടുകയറി അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര അറവുകാട്‌ കലാലയം വീട്ടില്‍ ബൈജു (46), ഇയാളുടെ ഭാര്യ മായ, ഭാര്യാ സഹോദരന്‍ ബിജു, ബിജുവിന്റെ ഭാര്യ ബീന എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞദിവസം രാത്രി പത്തോടെ അറവുകാട്‌ ഗുരുപാദം ജങ്ങ്ഷന്‌ സമീപം ഇവരുടെ വീടിനുള്ളിലേക്ക്‌ പടക്കം കത്തിച്ച്‌ എറിയുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‌ തര്‍ക്കമാണ്‌ മൂവര്‍ക്കും മര്‍ദ്ദനമേറ്റത്‌. പുന്നപ്ര എസ്‌ഐ: ജോസഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ചെങ്ങന്നൂരില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം തട്ടുകട അടിച്ചു തകര്‍ക്കുകയും നടത്തിപ്പുകാരായ ദമ്പതികളെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. പേരിശേരി വടക്കേ കാരാഴ്മയില്‍ സജീവന്‍ (42), ഭാര്യ മായാകുമാരി (40) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന്‌ മുന്‍വശത്ത്‌ തട്ടുകട നടത്തി വന്നിരുന്ന ഇവരെ ഞായറാഴ്ച രാത്രി 11.30 ഓടെ കാറില്‍ മദ്യപിച്ചെത്തിയ അഞ്ചംഗസംഘം ആഹാരസാധനങ്ങള്‍ ചോദിക്കുകയും താമസം നേരിട്ടതില്‍ അസഭ്യം പറഞ്ഞ്‌ മര്‍ദ്ദിക്കുകയും കട തല്ലിതകര്‍ക്കുകയും ചെയ്തതായും സജീവന്‍ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ സജീവന്റെ ഇടത്‌ കൈവിരലിന്‌ ഒടിവ്‌ പറ്റിയിട്ടുണ്ട്‌. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ്‌ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നില്ലെന്നും അക്രമികളെ സംരക്ഷിക്കാനുള്ള നിലപാടാണ്‌ ഇവര്‍ ശ്രമിക്കുന്നതെന്നും സജീവന്‍ ആരോപിക്കുന്നു.

മാവേലിക്കരയില്‍ ഭക്ഷണം താമസിച്ചതിന്റെ പേരില്‍ തട്ടുകട അടിച്ചു തകര്‍ത്തു. മാവേലിക്കര ഗവ. ആശുപത്രി ജങ്ങ്ഷനിലുള്ള തട്ടുകടയാണ്‌ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ബൈക്കിലെത്തിയ സംഘം അടിച്ചു തകര്‍ത്തത്‌. ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം.

വെബ്ദുനിയ വായിക്കുക