ആറ്റുകാല്‍ പൊങ്കാല നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശനി, 27 ഫെബ്രുവരി 2010 (16:03 IST)
PRO
PRO
പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുപ്പതു ലക്ഷത്തോളം പേരാണ് പൊങ്കാലയിട്ടത്. ഇക്കുറി ഭക്തരുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. മൂന്ന് ദിവസം മുമ്പ് തന്നെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള ഏതാണ്ട് 20 ചതുരശ്രകിലോമീറ്റര്‍ പരിധിയില്‍ ഇപ്പോള്‍ തന്നെ സ്ത്രീകള്‍ പൊങ്കാല അര്‍പ്പണത്തിനായുള്ള സ്ഥാനങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഉല്‍‌സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രം പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധിക പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും സ്ഥാപിച്ചതായി ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞു.

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല ഉല്‍‌സവത്തിന്‍റെ അവസാന ദിനമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡിന്‍റെ ഇരുവശങ്ങളിലും അടുപ്പുകൂട്ടുന്നതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ പത്തരയോടെ ക്ഷേത്രത്തിലെ പ്രധാന തന്ത്രി ഭണ്ഡാര അടുപ്പില്‍ നിന്നും തീ കൈമാറുന്നതോടെ പൊങ്കാലയിടലിന് തുടക്കമാകും.

ഭക്തരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തേക്കുള്ള മിക്ക ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായി റെയില്‍‌വേ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒരു ദിവസം ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നതിനാല്‍ ആറ്റുകാല്‍ പൊങ്കാല ഇതിനകം ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക