ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: പ്രതികള്‍ നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണം

തിങ്കള്‍, 18 ഏപ്രില്‍ 2016 (14:25 IST)
കേരള സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയ അനുശാന്തി കേരള സമൂഹത്തിന് തന്നെ അപമാനമായി. ഭര്‍ത്താവിനെയും കുഞ്ഞിനെയും വകവരുത്തിയാല്‍ കൂടെ താമസിക്കാമെന്നാണ് അനുശാന്തി കാമുകനായ നിനോയോട് പറഞ്ഞത്. വീട്ടിലെത്തി കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇവര്‍ പങ്കാളിയായി. വീട്ടിലേക്കുള്ള വഴിയുടെ രേഖാ ചിത്രം പ്രതിക്ക് നല്‍കി. കൊലപാതകത്തിന് സഹായമായി സ്ഥലവും പരിസരവും മനസിലാക്കുന്നതിന് വീടിന്റെ ചിത്രങ്ങളും പ്രതിക്ക് ഫോണില്‍ അയച്ചു കൊടുത്തു. 
 
കുട്ടിയെ എടുത്തിരുന്ന ഓമനയെ ആദ്യം അടിച്ചുവീഴ്‌ത്തി. ഓമനയുടെ കൈകളിൽ നിന്നും തെറിച്ചുവീണ കുട്ടിയെ അടിച്ചുകൊന്നു. ചോരയില്‍ കുതിര്‍കുതിര്‍ന്നു നില്‍ക്കുന്ന കുഞ്ഞിനെ എടുക്കാനെത്തിയ ഓമനയുടെ കഴുത്തിനും വെട്ടി. കൊലപാതകം നടത്താനുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരങ്ങളൊക്കെ മൊബൈൽഫോൺ വിഡിയോയിൽ പകർത്തി കാമുകന് അനുശാന്തി സമ്മാനിക്കുകയും ചെയ്‌തിരുന്നു.
 
കൊലപാതകത്തിനു ശേഷം രക്തക്കറ തുടയ്‌ക്കാൻ തുണികൾ, കൃത്യം ചെയ്തതിനു ശേഷം ധരിക്കാൻ പുതിയ വസ്‌ത്രം, കൊലപാതകത്തിന് മുമ്പ് ഇരയെ അടിച്ചുവീഴ്‌ത്താന്‍ ബാഗിൽ കൊളളാവുന്ന തരത്തിൽ മുറിച്ചെടുത്ത ബേസ്‌ബോൾ ബാറ്റ്, ഒന്നിലേറെ കൊലക്കത്തികൾ എന്നിവയൊക്കെ വിദഗ്‌ധ ആസൂത്രണം നടന്നിട്ടുണ്ടെന്ന് വിരല്‍ ചൂണ്ടുന്ന തെളിവുകളാണെന്ന് പൊലീസ് കണ്ടത്തിയിരുന്നു. 
 
രണ്ടു കൊല നടത്തിയതിനു ശേഷം ലിജീഷ് വീടിന് അകത്തേക്കു കടക്കുന്നതിനു തൊട്ടുമുമ്പ് കതകിന്റെ മറവിൽ നിന്നും നിനോ മുളകുപൊടി എറിഞ്ഞു. എന്നാല്‍ മുളകുപൊടി പിടിച്ച കൈ കതകിൽ തട്ടി ദിശ മാറി.  തലയിൽ വെട്ടുകൊണ്ട ലിജീഷ് പുറത്തേക്ക് ഓടുകയായിരുന്നു. ദൈവ ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ലിജീഷ് പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക