ആറന്മുള വിമാനത്താവളം: ഭൂമി പോക്കുവരവ് നടത്തിയത് യുഡി‌എഫ് സര്‍ക്കാരിന്റെ കാലത്ത്

തിങ്കള്‍, 6 ജനുവരി 2014 (17:03 IST)
PRO
PRO
ആറന്മുള വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ പോക്കുവരവ് നടത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെയാണെന്ന് രേഖകള്‍. കോഴഞ്ചേരി അഡിഷണല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട് മറികടന്നാണ് മൂന്ന് വില്ലേജുകളിലായി 77 ഹെക്ടര്‍ ഭൂമിയില്‍ പോക്കുവരവ് നടത്തിയത്.

മല്ലപ്പുഴശ്ശേരി വില്ലേജിലെ 64 ഹെക്ടര്‍, കിടങ്ങൂര്‍ വില്ലേജിലെ 11.45 ഹെക്ടര്‍, ആറന്മുള വില്ലേജിലെ രണ്ട് ഹെക്ടര്‍ ഭൂമിയിലുമാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് പോക്കുവരവ് നടത്തിയത്. ഇതില്‍ ഫോണ്‍ മുഖേന വാക്കാല്‍ ഉത്തരവ് നല്‍കിയാണ് 17.18 ഹെക്ടര്‍ ഭൂമിയില്‍ പോക്കുവരവ് നടത്തിയത്. പാടവും തോടും നികത്തിയ ഭൂമിയായതിനാല്‍ ഇവിടെ പോക്കുവരവ് നടത്താന്‍ അനുമതി നിഷേധിച്ചുകൊണ്ടാണ് കോഴഞ്ചേരി അഡിഷണല്‍ തഹസില്‍ദാര്‍ 2011 മാര്‍ച്ച് നാലിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചാണ് 2012 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈ ഭൂമിയില്‍ പോക്കുവരവ് നടത്താന്‍ അനുമതി നല്‍കിയത്.

ഈ ഭൂമിയില്‍ പോക്കുവരവ് നടത്തിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഈ വാദം തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്.

വെബ്ദുനിയ വായിക്കുക