ആര്‍‌എസ്പി കാണിച്ചത് വഞ്ചനയെന്ന് വൈക്കം വിശ്വന്‍

തിങ്കള്‍, 10 മാര്‍ച്ച് 2014 (16:28 IST)
PRO
ആര്‍‌എസ്പി വഞ്ചനാപരമായി ഇടതുപക്ഷ പ്രസ്ഥാനത്തില്‍നിന്നും മാറി യുഡി‌എഫില്‍ ചേക്കേറിയിരിക്കുകയാണെന്നും കൊല്ലം ലോക്സഭാ സീറ്റ് ആര്‍‌എസ്പിയില്‍ നിന്നെടുത്തുമാറ്റിയെന്നും ചര്‍ച്ച നടത്തിയില്ലെന്ന പ്രചരണവും തെറ്റാണെന്നും എല്‍‌ഡി‌എഫ് കണ്‍‌വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി സിപി‌എമ്മാണ് കൊല്ലത്ത് മത്സരിക്കുന്നത്. 15 വര്‍ഷമായി സിപി‌എം മത്സരിക്കുന്ന സീറ്റാണ്. ഈ വിഷയം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തുടക്കത്തില്‍ത്തന്നെ ചര്‍ച്ച നടത്തിയെന്നു വരുത്തി യോഗത്തില്‍നിന്നും പോകയായിരുന്നു ആര്‌എസ്പി ചെയ്തതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു‍.

ഘടകക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മുന്നണിമര്യാദ ആര്‍‌എസ്പി നടത്തിയില്ല. കോണ്‍ഗ്രസും ആര്‍‌എസ്പിയുമായി നേരത്തെയുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മുന്നണി വിടുന്നത് നടന്നതെന്നും വൈക്കം വിശ്വന്‍ വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവത്കരണ. ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും പൊരുതിയിരുന്ന ആര്‍‌എസ്പി അതൊക്കെ മറന്ന് സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയാണ്.

യുഡി‌എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും ആര്‍‌എസ്‌പി ഉണ്ടായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതുപക്ഷത്തിന്റെ ഏകമന്ത്രിയായിരുന്നു പ്രേമചന്ദ്രനെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക