ആരോഗ്യം മോശം; ജാമ്യം തേടി മദനി സുപ്രീം കോടതിയില്‍

തിങ്കള്‍, 18 ഏപ്രില്‍ 2011 (18:17 IST)
PRO
ബംഗളുരു സ്‌ഫോടന കേസില്‍ ജാമ്യം തേടി മദനി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ 21ന്‌ കോടതി പരിഗണിക്കും. സ്‌ഫോടന കേസില്‍ മദനിക്ക്‌ ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം രാജ്യസുരക്ഷയാണെന്നാണ് കോടതി വിലയിരുത്തിയത്. മാധ്യമപ്രവര്‍ത്തകയായ ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു പറയാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് മദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും തനിക്ക് ചികിത്സ വേണമെന്നുമാണ് ജാമ്യാപേക്ഷയ്ക്കുള്ള കാരണമായി മദനി പറഞ്ഞിരിക്കുന്നത്. ബംഗളൂരു ജയിലില്‍ കഴിയുന്ന മദനിയുടെ കാഴ്ച അനുദിനം മങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗളുരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കടുത്ത പ്രമേഹവും മങ്ങിയ കാഴ്ചയും കഷ്ടപ്പെടുത്തുന്ന മദനിക്ക് മികച്ച ചികിത്സ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അവസ്ഥ ദയനീയമാണെന്നാണ് സൂചന.

എഴുതാനും വായിക്കാനും മദനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് നേത്ര പരിശോധന വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. പരിശോധനയില്‍ ഇടതുകണ്ണിന്റെ കാഴ്‌ച പാതിയിലേറെ നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നേത്രരോഗ വിദഗ്‌ധന്‍ മദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കണം എന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ജയില്‍ അധികൃതര്‍ ഈ റിപ്പോര്‍ട്ടിനു വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആരോപണമുണ്ട്.

കടുത്ത പ്രമേഹം ബാധിച്ച നിലയില്‍ ഈയടുത്ത ദിവസം മദനിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര പരിചരണവും മികച്ച ചികിത്സയും നല്‍കാതെ അദ്ദേഹത്തെ ജയിലിലേക്കു മടക്കുകയാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ഇതിനകം തന്നെ പരാതിപ്പെട്ടിട്ടുണ്ട്. മുറിഞ്ഞ കാലിന്റെ വേദന മാറ്റാന്‍ കഴിക്കുന്ന മരുന്നുകളുടെ കാഠിന്യവും പ്രമേഹ ബാധിതനായ മദനിയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്.

കാഴ്ച കുറഞ്ഞതോടെ മദനിക്ക് രാത്രി ഉറക്കവും ഇല്ലാതെ ആയിട്ടുണ്ട് എന്നറിയുന്നു. തടവുകാരെ നിരീക്ഷിക്കാന്‍ വേണ്ടി ജയില്‍ മുറികളില്‍ വച്ചിട്ടുള്ള ക്യാമറയ്ക്ക് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ പാകത്തില്‍ പ്രകാശിക്കുന്ന പവര്‍ ലൈറ്റിന്റെ സാന്നിധ്യം മദനിയെ അസ്വസ്ഥനാക്കുന്നുണ്ട് എന്ന് ബന്ധുക്കള്‍ പറയുന്നു. മദനിക്ക് വേണ്ടി കേരളത്തില്‍നിന്നു പ്രത്യേക കണ്ണട വാങ്ങി ബന്ധുക്കളിപ്പോള്‍ ജയിലില്‍ എത്തിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക