ആധാരം കൈക്കലാക്കി തട്ടിപ്പ്‌ നടത്തുന്നയാളെ പിടികൂടി

ശനി, 20 ഏപ്രില്‍ 2013 (15:32 IST)
PRO
PRO
ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന പേരില്‍ ആധാരം സ്വന്തം പേരിലേക്ക്‌ മാറ്റിയെടുത്തയാളെ പള്ളുരുത്തി പൊലീസ്‌ അറസ്റ്റുചെയ്തു. പെരുമ്പടപ്പ്‌ പുളിക്കല്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ജോണ്‍ (54) ആണ്‌ പിടിയിലായത്‌. പള്ളുരുത്തി സ്വദേശിയായ സുഷമ എന്ന സ്ത്രീയുടെ പരാതിയിന്മേലാണ്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌.

പൊപോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ജോണ്‍ നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്താകുന്നത്‌. സുഷമയുടെ പേരിലുള്ള കടബാധ്യത തീര്‍ക്കുന്നതിനായി ഒരു ലോണ്‍ വേണമെന്നാവശ്യപ്പെട്ട്‌ ഇവര്‍ ജോണിനെ സമീപിച്ചു. ജോണ്‍ ഒരു ആധാരം എഴുത്തുകാരന്റെ സഹായത്തോടെ രജിസ്റ്റര്‍ ഓഫീസില്‍ എത്തി സുഷമയുടെ പേരിലുള്ള സ്ഥലം തന്റെ പേരിലേക്ക്‌ തന്ത്രപൂര്‍വം മാറ്റിയെടുക്കുകയായിരുന്നു. 2006 മാര്‍ച്ച്‌ 28 നാണ്‌ ആധാരം രജിസ്റ്റര്‍ ചെയ്തെടുക്കുന്നത്‌. ജോണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തെടുത്ത ആധാരം ഐസിഐസിഐ ബാങ്കില്‍ 10,20,000 രൂപക്ക്‌ പണയംവെച്ച്‌ 5,10,000 രൂപ സുഷമക്ക്‌ നല്‍കി.

ജോണ്‍ പറഞ്ഞതനുസരിച്ച്‌ എല്ലാ മാസവും സുഷമ ബാങ്കില്‍ പണം അടച്ചുകൊണ്ടിരുന്നു്‌ ഇവര്‍ അടക്കുന്ന തുക പലിശയിനത്തില്‍ മാത്രമാണ്‌ ചെന്നുകൊണ്ടിരുന്നത്‌. തിരിച്ചടവ്‌ വരാത്തതിനാല്‍ ബാങ്ക്‌ അധികൃതര്‍ പലതവണ ജോണിന്റെ പേരില്‍ നോട്ടീസ്‌ അയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ മുന്‍ ആധാരക്കാരിയായ സുഷമയെ ബാങ്കുകാര്‍ സമീപിക്കുമ്പോഴാണ്‌ ആധാരം തന്റെ പേരില്‍നിന്നും മാറ്റിയെടുത്ത വിവരം സുഷമ അറിയുന്നത്‌. ഉടന്‍ തന്നെ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഷമയുടെ പരാതിപ്രകാരം പൊലീസ്‌ ജോണിന്റെ വീട്‌ പരിശോധിച്ചപ്പോള്‍ 32 ഓളം ആധാരങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തു.

ഇയാള്‍ അനധികൃതമായി കൈവശപ്പെടുത്തി സൂക്ഷിച്ച ആധാരങ്ങളാണ്‌ ഇതെന്ന്‌ പൊലീസ്‌ പറഞ്ഞു. ജോണിന്റെ കൈവശമുള്ള ആധാരങ്ങളുടെ ഉടമകളെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

വെബ്ദുനിയ വായിക്കുക