ആത്മകഥയുമായി പ്രൊഫ ടി ജെ ജോസഫ്

തിങ്കള്‍, 23 ഫെബ്രുവരി 2015 (17:51 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് വലതുകൈപ്പത്തി നഷ്‌ടമായ തൊടുപുഴ ന്യൂമാന്‍സ് കോളജിലെ മലയാളവിഭാഗം മുന്‍ തലവന്‍ പ്രൊഫ ടി ജെ ജോസഫ് ആത്മകഥ എഴുതുന്നു. ഒരു ആനുകാലികത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് പ്രൊഫ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
“ചോദ്യപേപ്പര്‍ വിവാദം മുതല്‍ ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയി. ഒളിവില്‍ പോയത്, കീഴടങ്ങിയതും റിമാന്‍ഡിലായതും, അപായപ്പെടുത്തലുകളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും, ഒടുവില്‍ ആക്രമത്തിനിരയായതും. അങ്ങനെയൊരുപാട് സംഭവങ്ങളുണ്ടായല്ലോ. അവയൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുത്ത് എഴുതുമ്പോള്‍ ത്രില്ലുണ്ട്”  - ജോസഫ് പറഞ്ഞു.
 
പക്ഷേ, കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ എഴുതാന്‍ കഴിയുന്നില്ലെന്നും പ്രൊഫസര്‍ പറയുന്നു. “സലോമിയുടെയും കുടുംബത്തിന്റെയുമൊക്കെ കാര്യങ്ങള്‍ വരുമ്പോള്‍ മനസറിയാതെ മടിച്ചു നില്‍ക്കും. ആത്മകഥ എഴുതാനിരുന്നതാണ്. കുറെയൊക്കെ എഴുതി. ബാക്കി കൂടി എഴുതാനുള്ള ആത്മബലത്തിനായി പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍. അതു പൂര്‍ത്തിയാക്കണം” - പ്രൊഫസര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക