അവസാന അഭയവും നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍
ശനി, 22 മാര്‍ച്ച് 2014 (14:33 IST)
തെരഞ്ഞെടുപ്പ് അടുത്തതോടെ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവസാന അഭയവും നഷ്ടമാകുന്നു. പുറക്കാട് പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലെ മൂന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് താമസിച്ചിരുന്ന സ്കൂളില്‍ നിന്നും ഇറങ്ങേണ്ടി വരുന്നത്. ഒരുവര്‍ഷം മുമ്പ് കടല്‍ക്ഷോഭത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട നാല് കുടുംബങ്ങളെ വില്ലേജ് അധികൃതരാണ് പുറക്കാട് എസ്‌വിഡി യുപിഎസില്‍ താമസിപ്പിച്ചിരുന്നത്.
പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് പുതുവല്‍ ലൈല കുഞ്ഞുമുഹമ്മദ്, 17-ാം വാര്‍ഡ് പുത്തന്‍പറമ്പില്‍ രാജീവ്കുമാര്‍, ഇല്ലത്തുപറമ്പില്‍ ഉദയകുമാര്‍ എന്നിവരുടെ കുടുംബങ്ങളാണ് നരകയാതന അനുഭവിക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളടക്കം പത്തംഗങ്ങളാണ് കുടുംബങ്ങളില്‍ ഉള്ളത്. ഇവരെ സ്കൂളില്‍ താമസിപ്പിച്ച ദിവസം തന്നെ സ്വന്തമായി സ്ഥലം കണ്ടെത്തി നല്‍കുന്നതുവരെ മാസം 1,500 രൂപയും സൗജന്യ റേഷനും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവയൊന്നും നല്‍കിയില്ല.
തെരഞ്ഞെടുപ്പായതിനാല്‍ താമസിക്കുന്ന സ്കൂളില്‍ നിന്നും ഉടന്‍ മാറണമെന്ന് ഉദ്യോഗസ്ഥര്‍ കുടുംബങ്ങള്‍ക്ക് ഉത്തരവ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇവര്‍ തങ്ങളുടെ അവസ്ഥ കാട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് കേന്ദ്രമന്ത്രിയെ കണ്ടെങ്കിലും തനിക്ക് സംസാരിക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് അദ്ദേഹവും അവഗണിച്ചതായി ഇവര്‍ പരാതിപ്പെടുന്നു.
വാര്‍ഡ് മെമ്പറായ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. നാല് കുടുംബങ്ങളില്‍ ഒരു കുടുംബം വീണ്ടും കടല്‍ത്തീരത്ത് വീടുവച്ച് താമസം മാറ്റുകയായിരുന്നു.