അവധിയെടുക്കാന്‍ ഡോക്ടര്‍മാര്‍ 18 ഗര്‍ഭിണികളുടെ വയര്‍ കീറി!

ബുധന്‍, 7 മെയ് 2014 (11:07 IST)
കൂട്ട സിസേറിയന്‍ വിവാദത്തിന്റെ ചൂടാറും മുമ്പെ ഇടുക്കിയില്‍ പുതിയ കൂട്ട സിസേറ്യന്‍ വിവാദം കൊഴുക്കുന്നു. നേരത്തെ നടന്നതുപോലെ തന്നെ ഇത്തവണയും അവധിക്കുവേണ്ടിയാണ് യാതൊരു ദാക്ഷിണ്യവുമില്ലതെ ഗര്‍ഭിണികളുടെ വയര്‍ കീറിയത്.

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഇന്നലെയും തിങ്കളാഴ്‌ചയുമായി 18 സിസേറിയന്‍ ശസ്‌ത്രക്രിയകളാണു നടത്തിയത്‌. കാരണം അനസ്‌തേഷ്യാ, ഗൈനക്കോളജി ഡോക്‌ടര്‍മാര്‍ക്ക്‌ അവധിയെടുക്കണം എന്നതുതന്നെ! അവധിക്കുവേണ്ടി അടുത്ത 20 നു വരെ പ്രസവ തിയതി പറഞ്ഞു വച്ചിരുന്ന ഗര്‍ഭിണികളെപ്പോലും വിളിച്ചുവരുത്തിയാണു കൂട്ടശസ്‌ത്രക്രിയ നടത്തിയത്‌.

ഡോക്‌ടര്‍മാര്‍ അവധിയെടുക്കുന്നതു പ്രമാണിച്ചാണുകൂട്ടത്തോടെ വയര്‍ കീറിയതെന്നു ജീവനക്കാര്‍തന്നെ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ്‌ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലാണു വിവാദമായ കൂട്ടസിസേറിയന്‍ നടന്നത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടുമില്ല.

വെബ്ദുനിയ വായിക്കുക