അഴീക്കോടിനെതിരെ സിപി‌എം രംഗത്ത്

വ്യാഴം, 25 ഫെബ്രുവരി 2010 (10:57 IST)
PRO
തിലകനെ അനുകൂലിച്ചും മമ്മൂട്ടിക്കെതിരായും സംസാരിച്ച സുകുമാര്‍ അഴീക്കോടിനെതിരെ സിപി‌എം രംഗത്തെത്തി. പാര്‍ട്ടി പരിപാടികളിലും മറ്റും അഴീക്കോടിന് നിരോധനം ഏര്‍പ്പെടുത്താന്‍ സിപി‌എം തീരുമാനിച്ചതാ‍യാണ് റിപ്പോര്‍ട്ടുകള്‍.

മാത്രമല്ല യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ സിപിഐക്കാരാണെന്ന രീതിയില്‍ അഴീക്കോട് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. ശോഭാ ഡവലപ്പേഴ്‌സിന്‍റെ വിവാദമായ വളന്തക്കാട് പദ്ധതിക്കെതിരെ അഴീക്കോട് രംഗത്തെത്തിയതും പാര്‍ട്ടിക്ക് രസിച്ചിട്ടില്ല.

തിലകന്‍ പ്രശ്‌നത്തില്‍ എഐടിയുസി അദ്ദേഹത്തിന് പിന്തുണ നല്‍കിയതും തിലകന്‍ സിപിഐ വേദിയില്‍ പ്രത്യക്ഷപ്പെട്ടതുമെല്ലാം സി‌പി‌എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. സിപി‌എം അനുഭാവിയും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിക്കെതിരായാണ് അഴീക്കോടും തിലകനും സംസാരിക്കുന്നത് എന്നതിനാല്‍ പാര്‍ട്ടിയുടെ പരോക്ഷ പിന്തുണ സ്വാഭാവികമായും അമ്മയ്ക്കായിരിക്കും ലഭിക്കുക.

ഇതിനിടെ നടന്‍ മോഹന്‍‌ലാലിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ അഴീക്കോടിനെതിരെ അദ്ദേഹത്തിന്‍റെ ആരാധകരും രംഗത്തെത്തി. അഴീക്കോടിന്‍റെ സ്വദേശമായ തൃശൂരില്‍ മോഹന്‍‌ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ കോലം കത്തിച്ചു. അഴീക്കോടിനെതിരെയുള്ള പ്രതിഷേധം വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്നും ഫാന്‍സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗിരിജാ തിയേറ്ററിന് മുമ്പില്‍ വെച്ചാണ് അമ്പതോളം വരുന്ന ലാല്‍ ആരാധകര്‍ അഴീക്കോടിന്‍റെ കോലം കത്തിച്ചത്.

മോഹന്‍ലാലിന് മതിഭ്രമമാണെന്നും ലാല്‍ മേക്കപ്പഴിച്ചാല്‍ കൂടെയഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെടുമെന്നുമുള്ള അഴീക്കോടിന്‍റെ പ്രസ്താ‍വനകളാണ് ആരാധകരെ ചൊടിപ്പിച്ചത്. ലാല്‍ ധനത്തിന് ആര്‍ത്തിയുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ പ്രണയരംഗങ്ങള്‍ അശ്ലീലമാണെന്നും അഴീക്കോട് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക