അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പിസി ജോര്‍ജ്

വ്യാഴം, 21 മെയ് 2015 (17:11 IST)
അരുവിക്കരയില്‍ തന്റെ നേതൃത്വത്തിലുള്ള ആന്റി കറപ്‌ഷന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എ സി ഡി എഫ്) സ്ഥാനാര്‍ത്ഥിയ നിര്‍ത്തുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. കൊല്ലം പ്രസ് ക്ലബിന്റെ സംവാദ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
 
യു ഡി എഫ് സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ പി സി ജോര്‍ജ് മന്ത്രി കെ എം മാണി തനിക്ക് വിപ്പ് നല്‍കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
 
എ സി ഡി എഫ് 91 ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയാണ്. വി എസ് ഡി പി, ഡി എച്ച് ആര്‍ എം, എസ് ഡി പി ഐ, പി ഡി പി തുടങ്ങി നിരവധി പാര്‍ട്ടികള്‍ സഹകരിക്കുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കോട്ടയത്ത് ഒരു സഭാധ്യക്ഷനുമായും സംസാരിച്ചെന്നും പി സി ജോര്‍ജ് പറഞ്ഞു.
 
കോണ്‍ഗ്രസില്‍ എ ക്കാരേക്കാള്‍ നല്ലത് ഐക്കാരാണ്. ആകെയുള്ള 21 മന്ത്രിമാരില്‍ 10 മന്ത്രിമാരും അഴിമതിക്കാരാണ്. ഇവരില്‍ നിന്നെല്ലാം പങ്കു പറ്റുകയാണ് മുഖ്യമന്ത്രി. സ്ത്രീസംബന്ധമായ ആരോപണം പോലും നേരിട്ട വേറൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും പി സി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക