അരുണ്‍ ഒറ്റയ്ക്ക് ലിജിനെ കൊല്ലില്ല, ദുരൂഹതയുണ്ട്!

വ്യാഴം, 10 മെയ് 2012 (12:45 IST)
PRO
PRO
കുട്ടനാട്ടിലെ ചാത്തങ്കരി പുളിക്കീഴ്‌ നമ്മനശേരി മന്നത്തുപറമ്പില്‍ വര്‍ഗീസ്‌ മാത്യുവിന്റെ (പൊന്നച്ചന്‍) മകന്‍ ലിജിന്‍ വര്‍ഗീസ് (15) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ കിട്ടിയെങ്കിലും ദുരൂഹത മാറിയിട്ടില്ലെന്ന് ലിജിന്റെ മാതാപിതാക്കളും ബന്ധുക്കളും. താനാണ് ലിജിനെ കൊന്നതെന്നാണ് മുട്ടാര്‍ കുന്നുകണ്ടത്തില്‍ അജിയുടെ മകന്‍ അരുണ്‍ മൊഴി നല്‍‌കിയിരിക്കുന്നത്. എന്നാല്‍ പ്രതിയായ അരുണിനൊപ്പം തടിയും കായികശേഷിയും ഉള്ള ലിജിനെ ഒറ്റയ്‌ക്ക് കീഴ്‌പെടുത്താന്‍ പ്രതിക്ക്‌ കഴിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്കൂള്‍ കെട്ടിടത്തിനും മതിലിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തുവെച്ച്‌ കൈപ്പൂട്ടിട്ടുനിര്‍ത്തി കത്തികൊണ്ട്‌ ലിജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നാണ് അരുണ്‍ കൊലപാതകത്തെ പറ്റി പറയുന്നത്. കൊലപാതകം നടത്തിയെന്നു പറയുന്ന സ്‌ഥലത്ത്‌ മല്‍പിടിത്തം നടന്നതിന്റെയോ സൂചനകളോ രക്തക്കറയോ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിനു സമീപം ഒരു ചെരുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റൊരു ചെരിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഉച്ചയ്‌ക്ക് ഒരു മണിയോടെ മരണം സംഭവിച്ചെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും ഈ സമയത്ത്‌ സ്‌കൂളിനുള്ളില്‍ നിന്നും യാതൊരു ശബ്‌ദങ്ങളും കേട്ടതായി പരിസരവാസികള്‍ പറയുന്നില്ല. സ്കൂളിലെ പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയ്‌ക്ക് വീട്ടിലേക്ക്‌ മടങ്ങവേ ചാത്തങ്കരി കോണ്‍കോട്‌ കടവില്‍ വച്ച്‌ ആരോ പിന്നില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നു ലെജിന്‍ തിരികെ പോയതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വിളിച്ചതാരെന്ന് ഇപ്പോഴും അറിവായിട്ടില്ല.

സ്കൂളധികൃതര്‍ സ്‌കൂളിലെ ബഞ്ചും ഡസ്‌ക്കും നേരെയിട്ട് സ്‌കൂള്‍ അടച്ച്‌ ഉച്ചയ്‌ക്ക് പോയെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ സംഭവമറിഞ്ഞ്‌ പരിസരവാസികള്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ബഞ്ചും ഡസ്‌ക്കും സ്‌ഥാനം തെറ്റിയും ഒരു ഡസ്‌ക്ക് സ്‌കൂള്‍ മൈതാനത്തുമണ്‌ കണ്ടത്‌. മറ്റെവിടെയോ കൊലനടത്തിയ ശേഷം മൃതദേഹം സ്‌കൂള്‍ പരിസരത്ത്‌ കൊണ്ടിട്ടതാകാമെന്നും, വിദ്യാര്‍ഥിയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍‌പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാണെന്നുമാണ് ലിജിന്റെ ബന്ധുക്കളുടെ വാദം.

അരുണ്‍ മുമ്പ് ക്ലാസ് ലീഡറായിരുന്നെന്നും ക്ലാസില്‍ കുഴപ്പമുണ്ടാക്കിയതിന് ലിജിന്റെ പേരെഴുതി അരുണ്‍ ക്ലാസ് ടീച്ചര്‍ക്ക് നല്‍‌കിയെന്നും ഇതിനെ തുടര്‍ന്ന് അരുണിനെ ലിജിന്‍ മര്‍ദ്ദിച്ചുവെന്നും പൊലീസ് പറയുന്നത് തെറ്റാണെന്ന് ലിജിന്റെ ബന്ധുക്കള്‍ പറയുന്നു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ലിജിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

അതിനിടെ, അരുണിനെ ബുധനാഴ്ച കരുവാറ്റ, എടത്വ, സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. വധത്തിനുശേഷം കുട്ടി തിങ്കളാഴ്ച രാത്രി പോയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. വ്യാഴാഴ്ച സംഭവം നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ലിജിനെ തിങ്കളാഴ്ച കൊല്ലുമെന്ന് പ്രതി പറഞ്ഞിരുന്നതായി സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥി മൊഴി നല്‍കി. ലിജിനെ ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചേര്‍ത്തല മായിത്തറ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക