അമ്മയുടെ ആത്മഹത്യ: മക്കളുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍

വെള്ളി, 19 ഏപ്രില്‍ 2013 (12:37 IST)
PRO
PRO
ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. ആളൂര്‍ കോട്ടേപറമ്പില്‍ വേലായുധനാണ്‌ (64) അറസ്റ്റിലായത്‌. അമ്മ രാധയുടെ മരണത്തിന്‌ കാരണം അച്ഛന്‍ വേലായുധനാണെന്ന്‌ കാണിച്ച്‌ മക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഗുരുവായൂര്‍ പൊലീസ്‌ പ്രതിയെ അറസ്റ്റു ചെയ്തത്‌.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12-നാണ്‌ വേലായുധന്റെ ഭാര്യ രാധയെ വീട്ടിനകത്ത്‌ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്‌. ഉടനെ ചൂണ്ടല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാധ മരണപ്പെടുകയായിരുന്നു. പൊലീസ്‌ അന്ന്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ അമ്മയുടെ മരണത്തിന്‌ കാരണം അച്ഛന്‍ വേലായുധന്റെ പീഡനങ്ങളാണെന്ന്‌ കാണിച്ച്‌ മക്കളായ ജിഷ, ജിതിന്‍ എന്നിവര്‍ തൃശ്ശൂര്‍ സിറ്റി പൊലീസ്‌ കമീഷണര്‍ക്ക്‌ പരാതി നല്‍കി. പരാതി കമ്മിഷണര്‍ ഗുരുവായൂര്‍ അസി: പൊലീസ്‌ കമ്മിഷണര്‍ക്ക്‌ കൈമാറി. അസി: പൊലീസ്‌ കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ സിഐ: കെ സുദര്‍ശന്‍ നടത്തിയ അന്വേഷണത്തില്‍ വേലായുധന്‍ രാധയെ ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.

തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്ന്‌ കാണിച്ച്‌ രാധ എഴുതിയ കത്തും പൊലീസ്‌ കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വേലായുധനെ അറസ്റ്റ്‌ ചെയ്തത്‌. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ്‌ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്‌.

വെബ്ദുനിയ വായിക്കുക