വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൂളിലെ ക്ലാസ്മുറിയില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികളെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വെളിപറമ്പില്‍ ഷാനവാസ് (19), പന്ത്രണ്ടാം വാര്‍ഡ് കമ്പിവളപ്പില്‍ ഫൗസര്‍ (20) എന്നിവരുടെ പേരില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളായ ജൂലി (17), വേണി (17), കഞ്ഞിപ്പാടം ആശാഭവനില്‍ അനില (17) എന്നീ വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനേഴിന് കണ്ടെത്തിയത്.വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷം ഇവരുടെ ആത്മഹത്യ പ്രണയനൈരാശ്യം കാരണമാണെന്നായിരുന്നു ലോക്കല്‍ പൊലീസ് കണ്ടെത്തിയത്.
എന്നാല്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജനം സംഘടിക്കുകയും നിരന്തരമായ സമരങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ പുനരന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. തുടര്‍ന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന് അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ കത്തുകള്‍, ഡയറികള്‍, ആത്മഹത്യാ കുറിപ്പുകള്‍ തുടങ്ങിയവ പരിശോധിച്ച സംഘത്തിന് തുമ്പും ലഭിച്ചു.
മരണം സംഭവിച്ചതിന് ഏഴു ദിവസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. പ്രണയം അഭിനയിച്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു സഹപാഠികളെന്ന് പൊലീസ് കണ്ടെത്തി. ആറ് സഹപാഠികളെയാണ് പൊലീസിന് സംശയമുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന രണ്ടുപേര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അറിയുന്നു. കൂടുതല്‍ സഹപാഠികള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികളെ എങ്ങിനെ, എവിടെവെച്ച് പീഢിപ്പിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നു.