അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക രേഖകളില്ലാതെ സൂക്ഷിച്ചാല്‍ പിടിച്ചെടുക്കും

വെള്ളി, 21 മാര്‍ച്ച് 2014 (13:27 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പണക്കൊഴുപ്പ് ഒഴിവാക്കണമെന്നും പരമാവധി ചെലവ് കുറച്ച് പ്രചാരണം നടത്തണമെന്നും തിരുവനന്തപുരം ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് അവലോകന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിങ് സ്‌ക്വാഡ് സംഘാംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതുരീതിയിലുള്ള പണത്തിന്റെ അനധികൃതമായ കൈമാറ്റവും മുന്‍കൂട്ടി അറിയുവാനും അതിന് തടയിടാനും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സര്‍വൈലന്‍സ് ടീമിന്റെയും ഫ്‌ളൈയിങ് സ്‌ക്വാഡിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

ജനങ്ങളെ സ്വാധീനിക്കുന്നതരത്തിലുള്ള ഏതെങ്കിലും പണമിടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സംശയം തോന്നിയാല്‍ ഏത് വാഹനവും നിര്‍ത്തി പരിശോധിക്കാം.

ഓരോ കേന്ദ്രത്തിലും രണ്ട് ടീമുകളും പ്രവര്‍ത്തനിരതമായിരിക്കണം. സര്‍വൈലന്‍സ് ടീമിന് സംശയം തോന്നിയാല്‍ ഫ്‌ളൈയിങ് സ്‌ക്വാഡിനെ അറിയിക്കുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും വേണം.

ഒരു ടീമില്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രറ്റ് ഇല്ലെങ്കില്‍ മറ്റേതങ്കിലും ടീമില്‍ നിന്ന് അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കണം. ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചെലവും മുഖ്യ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോടൊപ്പം ചേര്‍ക്കണം.

രേഖകളില്ലാതെ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക കൈവശം വയ്ക്കുകയോ ഇടപാട് നടത്തുകയോ ചെയ്താല്‍ പിടിച്ചെടുക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ടി.ഉമ, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.ബൈജു എന്നിവര്‍ സംബന്ധിച്ചു

വെബ്ദുനിയ വായിക്കുക