അനൂപിന്‍റെ സത്യപ്രതിജ്ഞ, ഇനി രക്ഷ സമ്മര്‍ദ്ദരാഷ്ട്രീയം!

ചൊവ്വ, 27 മാര്‍ച്ച് 2012 (14:41 IST)
PRO
അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം നല്‍കുമെന്ന വാക്ക് പലിക്കാന്‍ യു ഡി എഫ് നേതൃത്വം വൈകുന്നതില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അസ്വസ്ഥരാണ്. തങ്ങളുടെ അവകാശമായ മന്ത്രിസ്ഥാനം ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ അനൂപിന്‍റെ സത്യപ്രതിജ്ഞ ഏറ്റവും വേഗത്തില്‍ നടത്തിയെടുക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്.

അനൂപ്‌ ജേക്കബിന്‍റെ മന്ത്രിസഭാ പ്രവേശനത്തിനുള്ള സത്യപ്രതിജ്‌ഞാ തീയതി ബുധനാഴ്ച നടക്കുന്ന യു ഡി എഫ്‌ യോഗത്തില്‍ തീരുമാനിക്കുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചത് ഈ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമായാണ്. അനൂപ് സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെയും യു ഡി എഫിനെയും കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ് ജോണി നെല്ലൂര്‍.

ടി എം ജേക്കബ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ തന്നെ പാര്‍ട്ടിക്കു ലഭിക്കുമെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നും ജോണി നെല്ലൂര്‍ കോട്ടയത്ത്‌ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക