അനുനയശ്രമം ഊര്‍ജ്ജിതം, പി ബി അംഗങ്ങള്‍ വി എസുമായി ചര്‍ച്ചയ്ക്ക്, വി എസ് ഇന്ന് പ്രതികരിക്കില്ല
ശനി, 21 ഫെബ്രുവരി 2015 (14:54 IST)
സി പി എമ്മില്‍ സ്ഫോടനാത്മകമായ അന്തരീക്ഷത്തിന് നേരിയ അയവ് വന്നിരിക്കുന്നു. പ്രതിഷേധിച്ച് സംസ്ഥാനസമ്മേളന വേദി വിട്ട വി എസ് ഇന്ന് ഇനി സമ്മേളന വേദിയിലേക്ക് മടങ്ങിയെത്തില്ല. വി എസിനെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വീട്ടിലെത്തി കണ്ട് ചര്‍ച്ച നടത്തും.
പി ബി അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രന്‍ പിള്ളയുമായിരിക്കും ചര്‍ച്ച നടത്തുക. വി എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കാമെന്ന് കേന്ദ്രനേതാക്കള്‍ വി എസിനെ അറിയിക്കും.
നേതാക്കളുടെ തീരുമാനം അറിഞ്ഞതിന് ശേഷമേ വി എസ് പ്രതികരിക്കുകയുള്ളൂ. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വി എസ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും വി എസ് ഇന്ന് പ്രതികരിക്കാനിടയില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
സമ്മേളനത്തില്‍ ഇതുവരെ സംസാരിച്ച 12 പേരില്‍ മൂന്നുപേരൊഴികെ എല്ലാവരും അതിരൂക്ഷമായാണ് വി എസിനെ വിമര്‍ശിച്ചത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ അത് മുറിച്ചുകളയണമെന്ന് കാസര്‍കോട്ടുനിന്നുള്ള പ്രതിനിധി പറഞ്ഞു എന്നാണറിയുന്നത്.
അതിനിടെ, ശനിയാഴ്ച രാത്രി എട്ടുമണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്താനാണ് യോഗമെന്നാണ് സൂചന.
തനിക്കെതിരെ സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം പരസ്യമായി തള്ളിക്കളയണമെന്നാണ് കേന്ദ്രനേതൃത്വത്തോട് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. വി എസുമായി ചര്‍ച്ച നടത്തിയ സീതാറം യെച്ചൂരി പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തുവന്നത് കാര്യങ്ങള്‍ അപകടകരമായ നിലയിലേക്ക് പോകില്ല എന്നതിന്‍റെ സൂചനയായി വ്യാഖ്യാനിക്കാം. തനിക്കെതിരെ പാസാക്കിയ പ്രമേയം തള്ളിയിരിക്കുന്നു എന്ന് കേന്ദ്രനേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കണമെന്നാണ് വി എസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഇപ്പോള്‍ അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേരുകയാണ്.
എന്നാല്‍ വി എസിന്‍റെ ഉപാധികള്‍ അംഗീകരിക്കാനോ പ്രമേയം തള്ളാനോ സംസ്ഥാന നേതൃത്വം അനുവദിക്കുമോ എന്നത് കാത്തിരുന്നുകാണേണ്ടതാണ്. വി എസിന്‍റെ ഉപാധികള്‍ അംഗീകരിച്ചാല്‍ അത് പിണറായി വിജയനെതിരായ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.
നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സി പി എം സംസ്ഥാന സമ്മേളന സ്ഥലത്തും വി എസിന്‍റെ പുന്നപ്രയിലെ വസതിക്ക് മുന്നിലും നടന്നുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വി എസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് പുന്നപ്രയില്‍ പ്രകടനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.